തിരുവല്ല : നഗരത്തിൽ പുഷ്പഗിരി റോഡരുകിലെ കുട്ടികളുടെ പാർക്ക് 30വർഷത്തേക്ക് സ്വകാര്യ വ്യക്തിക്ക് നൽകിയ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ച് നടുത്തളത്തിൽ ഇറങ്ങി അദ്ധ്യക്ഷയെ ഉപരോധിച്ചു. ദീർഘകാലത്തേക്കുള്ള കരാർ റദ്ദുചെയ്യണമെന്ന സെക്രട്ടറിയുടെ റിപ്പോർട്ട് നിലനിൽക്കെ കോൺഗ്രസ് നേതാവായ കരാറുകാരെ സംരക്ഷിക്കുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ അജണ്ടയിൽ ഉണ്ടായിരുന്ന കുട്ടികളുടെ പാർക്കിന്റെ വിഷയം സമയപരിമിതി മൂലം ഇന്നലത്തെ കൗൺസിലേക്ക് പരിഗണിക്കാൻ മാറ്റിയിരുന്നു. എന്നാൽ ഇന്നലത്തെ കൗൺസിൽ യോഗത്തിൽ ഈ വിഷയം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിൽ ഇറങ്ങിയത്. പാർക്ക് വിട്ടുനൽകിയപ്പോഴുള്ള കരാറിന് വിരുദ്ധമായി നിർമ്മാണ പ്രവർത്തനം നടത്തിയെന്നും അത് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയത്. ഈ വിഷയം ചർച്ചചെയ്യാതെ മറ്റു അജണ്ടകൾ പാസാക്കാൻ സാധിക്കില്ലെന്ന് ഇടതു കൗൺസിലർമാർ നിലപാടെടുത്തു. അതോടെ കൗൺസിലിൽ ബഹളത്തെ തുടർന്ന് നിറുത്തിവച്ചു.
2016ൽ ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലം പ്രതിമാസം 2,000 രൂപയ്ക്ക് 30 വർഷത്തേക്കാണ് കരാർ നൽകിയത്. കൗൺസിലർമാരായ ജെനു മാത്യു, ആർ.മനു, എം.സി അനീഷ് കുമാർ, പ്രദീപ് മാമൻ മാത്യു, സതീശ് വിജയൻ, സുരേഷ് കുമാർ, ആശാ സജീവ്, അജ്ഞു ബേബി, മീനു ജോബി, രമ്യാ സന്തോഷ്, ദിനു ഫിലിപ്പ്, താജുദ്ദീൻ, ദേവിക യശോധരൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
അമ്പതിലേറെ അജണ്ടകൾ ഇന്നലെ ഉണ്ടായിരുന്നതിനാൽ പകുതിയോളം വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കാനായില്ല. ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചചെയ്യും.
കെ.വി വർഗീസ്
(നഗരസഭാ വൈസ് ചെയർമാൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |