കൊല്ലം: ഗുരുവഴി ജീവിതസ്പന്ദനമാക്കിയ പ്രമുഖ ശ്രീനാരായണീയനും ബിസനസുകാരനുമായിരുന്നു ഇന്നലെ മടങ്ങിയ കെ. ഹർഷകുമാർ. 'അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം' എന്ന ഗുരുവരുളായിരുന്നു കെ. ഹർഷകുമാറിന്റെ ഹൃദയമന്ത്രം.
ആരോഗ്യം വല്ലാതെ തളരും വരെ ശിവഗിരി തീർത്ഥാടന പദയാത്രയുടെ മുൻനിരയിൽ കെ. ഹർഷകുമാർ ഉണ്ടാകും. കൊട്ടാരക്കര വഴി പോകുന്ന ശിവഗിരി തീർത്ഥാടന പദയാത്രകളെ സ്വീകരിക്കാനും അവർക്ക് ഭക്ഷണവും താമസവും ഒരുക്കാനും അത്രമേൽ അദ്ധ്വാനിച്ച ശ്രീനാരായണീയൻ അപൂർവമായിരിക്കും. കെ. ഹർഷകുമാറിന്റെ ഉള്ളിലെ അചഞ്ചലമായ ഗുരുഭക്തി തിരിച്ചറിഞ്ഞ് സ്വാമി ശാശ്വതികാനന്ദ അദ്ദേഹത്തെ ഗുരുധർമ്മ പ്രചരണ സഭയുടെ നേതാവാക്കി. ഇതോടെ ഗുരുധർമ്മ പ്രചരണ സഭയുടെ യൂണിറ്റുകൾ രൂപീകരിക്കാനും ഗുരുദർശന പ്രചാരണത്തിനായി കെ. ഹർഷകുമാർ നാടാകെ സഞ്ചരിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെയും സജീവ പ്രവർത്തകനായിരുന്നു.
അനുകമ്പയായിരുന്നു കെ. ഹർഷകുമാറിന്റെ ജീവിത പ്രമാണം.പാവങ്ങളെ സഹായിക്കാൻ അദ്ദേഹം കുമാർ ചിട്ടി ഫണ്ട്സും കുമാർ ബാങ്കേഴ്സും പടുത്തുയർത്തി. പിന്നീട് കുമാർ ഹോം അപ്ലയൻസസ് ആരംഭിച്ചപ്പോൾ കുറച്ചധികം പേർക്ക് തൊഴിലും ലഭിച്ചു. എഴുകോൺ തെക്കടത്ത് വീട്ടിൽ കോൺട്രാക്ടറായിരുന്ന കുമാരന്റെയും ദേവകിയുടെയും മകനായിട്ടായിരുന്നു ജനനം. സാമ്പത്തിക ചുറ്റുപാടുള്ള കുടുംബമായിരുന്നിട്ടും സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കണമെന്ന് കെ. ഹർഷകുമാർ കുട്ടിക്കാലത്ത് തന്നെ മനസിലുറപ്പിച്ചു. അങ്ങനെ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കൂട്ടുകാരെ ചേർത്ത് ചിട്ടി തുടങ്ങി. ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം നേരേ ബിസിനസിലേക്ക് കടക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം മണ്ണിനെ പ്രണയിച്ചു.
സ്വന്തം ഭൂമിയിലും ഭൂമി പാട്ടത്തിനെടുത്തും അദ്ദേഹം കൃഷി ചെയ്തു. നാട്ടിലെ കർഷകരിൽ നിന്നെല്ലാം നെല്ല് സംഭരിച്ച് കുത്തി ശുദ്ധമായ അരി നാട്ടിൽ വിതരണം ചെയ്തു. ഇതിനിടയിൽ കൃഷി കൂടുതൽ ഇനങ്ങളിലേക്ക് വ്യാപിപ്പിച്ചു. അങ്ങനെ കൃഷിയിൽ നിന്ന് ലഭിച്ച ലാഭം ഉപയോഗിച്ചാണ് പിന്നീട് കുമാർ ബാങ്കേഴ്സും കുമാർ ഹോം അപ്ലയൻസസും ആരംഭിച്ചത്.അപ്പോഴും കൃഷി അദ്ദേഹം ഉപേക്ഷിച്ചില്ല. മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. കൃഷിയിലെ നന്മയുടെ പാഠങ്ങൾ നാടിന് പകർന്നുനൽകാൻ ഡോ. അബ്ദുൾ കലാം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി രൂപീകരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്ന മായമില്ലാത്ത മഞ്ഞൾപ്പൊടിക്കും കൂവപ്പൊടിക്കും വൻ ഡിമാൻഡായിരുന്നു. ബിസിനസിന്റെയും കൃഷിയുടെയും തിരക്കുകൾക്കിടിയിലും ശിവഗിരിക്കുന്നിലേക്കുള്ള യാത്ര അദ്ദേഹം മുടക്കുമായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |