കൊല്ലം: ദേശീയപാത 66ലെ സർവീസ് റോഡുകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ ഓടകൾ നിർമ്മിക്കാനും നിലവിലുള്ളവയുടെ ആഴവും വീതിയും വർദ്ധിപ്പിക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് എൻ.എച്ച്.എ.ഐ പണം നൽകും. ദേശീയപാത നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ പലയിടങ്ങളിലും സർവീസ് റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലാണ് എൻ.എച്ച്.എ.ഐയുടെ നടപടി.
ദേശീയപാത 66 ആറുവരിയായി വികസിപ്പിച്ചപ്പോൾ പലയിടങ്ങളിലും സർവീസ് റോഡ് നേരത്തെയുണ്ടായിരുന്നതിനെക്കാൾ ഉയർന്നു. മറ്റ് ചിലയിടങ്ങളിൽ സർവീസ് റോഡ് താഴുകയും ചെയ്തു. ഇവിടങ്ങളിൽ ദേശീയപാതയ്ക്ക് സമാന്തരമായി പുതിയതായി നിർമ്മിച്ച ഓടയ്ക്ക് ഇടറോഡുകളിലുള്ള ഓടയുമായി ബന്ധമില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് ചെറുതായി മഴ പെയ്യുമ്പോൾ തന്നെ പലയിടങ്ങളിലും ഓടകൾ നിറഞ്ഞ് സർവീസ് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. സർവീസ് റോഡിന് അപ്പുറത്തുള്ള യൂട്ടിലിറ്റി ഏരിയാ ഇന്റർലോക്ക് പാകി ഉയർത്തുന്നതോടെ വെള്ളം തീരെ പുറത്തേക്ക് ഒഴുകാതെ വെള്ളക്കെട്ട് അതിരൂക്ഷമാകും. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് പണം നൽകുന്നത്.
തദ്ദേശ സ്ഥാപനങ്ങൾ ഉണരണം
വൈകി സമർപ്പിക്കുന്ന എസ്റ്റിമേറ്റുകൾക്ക് എൻ.എച്ച്.എ.ഐ പണം അനുവദിക്കാൻ സാദ്ധ്യതയില്ല. പിന്നീട് ഓട നിർമ്മാണത്തിന് തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ പണം വകയിരുത്തേണ്ടി വരും. മഴ വെള്ളം ഓട വഴി ദൂരേക്ക് ഒഴുകിപ്പോകുന്നത് പ്രദേശത്തെ ഭൂർഗർഭ ജലത്തിന്റെ അളവ് ഇടിയാനും കാരണമാകും.
200 മീറ്റർ വരെ നീളത്തിൽ ഓട നിർമ്മിക്കാം
അത്യാവശ്യമുള്ളിടങ്ങളിൽ കൂടുതൽ നീളത്തിൽ
തദ്ദേശ സ്ഥാപനങ്ങൾ എസ്റ്റിമേറ്റ് നൽകണം
എൻ.എച്ച്.എ.ഐ പണം അനുവദിക്കും
നിർമ്മാണ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |