
കൊച്ചി: വരുമാനക്കമ്മി നേരിടുമ്പോഴും വോട്ട് ലക്ഷ്യമിട്ട് എൽ.ഡി.എഫ് സർക്കാർ കോടികൾ ചെലവഴിച്ച് നടത്തുന്ന പി.ആർ പ്രചാരണങ്ങളെ രൂക്ഷമായി വിമർശിച്ച് സിറോ മലബാർസഭ എറണാകുളം അതിരൂപത പ്രസിദ്ധീകരണമായ സത്യദീപം. നീതിപൂർവമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ പ്രചാരണം ബാധിക്കുമെന്ന് സത്യദീപം എഡിറ്റോറിയലിൽ പറയുന്നു. 6.7 കോടി രൂപ ചെലവാക്കി 80 ലക്ഷം ലഘുലേഖകൾ, പ്രതിമാസം 3.7 കോടി രൂപ വാടകയിൽ 627 ഹോർഡിംഗുകൾ, കെ.എസ്.ആർ.ടി.സി ബസുകളിൽ 1.7 കോടി രൂപയുടെ പരസ്യങ്ങൾ എന്നിവ നൽകി. 9.5 ശതമാനം പലിശയ്ക്ക് കിഫ്ബി വഴി കടമെടുത്ത പണത്തിൽ നിന്ന് 150 കോടിയോളം രൂപ കഴിഞ്ഞവർഷം മാത്രം പരസ്യങ്ങൾക്കായി ചെലവഴിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നവകേരള സർവേ, 'വിഷൻ 2031' അന്താരാഷ്ട്ര ശില്പശാല എന്നിവയും നടത്തി. ലക്ഷ്യങ്ങൾക്ക് ആനുപാതികമായാണ് പരസ്യം നൽകുന്നതെന്ന ന്യായീകരണവുമുണ്ട്. തുടർഭരണം കിട്ടിയില്ലെങ്കിൽ തുടങ്ങിയതെല്ലാം നിലയ്ക്കും തുടങ്ങിയ ക്യാപ്‌സ്യൂളുകളും പ്രചരിക്കുന്നു.
ഡി.എ കുടിശിക അനുവദിച്ചതിന് സ്പാർക്കിൽ നിന്ന് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വാട്ട്സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് സന്ദേശം അയച്ചത്. സ്വകാര്യതയ്ക്കു വേണ്ടിയും പടപൊരുതേണ്ട സർക്കാർ തന്നെയാണ് വിവരശേഖരണ നിയമങ്ങളും സർവീസ് ചട്ടങ്ങളും നഗ്‌നമായി ലംഘിച്ചത്.
കടമെടുക്കുന്ന പണം അടിസ്ഥാനസൗകര്യ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഉപയോഗിക്കേണ്ടത്. പ്രതിച്ഛായ നിർമ്മിതിക്കുള്ളതല്ല. വികസനത്തിന്റെ അളവുകോൽ തെരുവുകളിലെ പരസ്യബോർഡുകളല്ല. ജനങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളാണ്.
മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ സ്വാധീനിച്ച് അനുകൂലമായ സമ്മതി നിർമ്മിക്കാനാണ് ശ്രമം. പ്രതിച്ഛായ നിർമ്മിച്ചെടുക്കലാണത്. പൊതുജനങ്ങളുടെ സാമാന്യബോധത്തെ മറയ്ക്കുന്ന മിന്നൽ മാജിക്കുകൾ കാട്ടി വിസ്മയ പ്രതിച്ഛായകളുടെ അബോധ രാഷ്ട്രീയ ഭൂമികകളിൽ ഇരുത്താനാണ് ശ്രമമെന്ന് സത്യദീപം വിവരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |