ആലുവ: മുനിസിപ്പൽ ഗ്രൗണ്ട് ടർഫ് ആക്കുന്നത് ഉൾപ്പെടെ വിവിധ ആക്ഷേപങ്ങൾ ചൂണ്ടികാട്ടി ഒരു വിഭാഗം കായികപ്രേമികളും പ്രതിപക്ഷവും നൽകിയ ഹർജിയിന്മേൽ ഹൈക്കോടതി ഉത്തരവ് ഭരണ - പ്രതിപക്ഷ കക്ഷികൾക്ക് ആശ്വാസമായി. ഇതോടെ 1.1 കോടി രൂപയുടെ നവീകരണം ഉടൻ പുനരാരംഭിക്കും.
ടർഫാക്കുന്നതിനെ ഹൈടതി തടയാതിരുന്നത് ഭരണപക്ഷത്തിന് ആശ്വാസമായപ്പോൾ ഫുട്ബാളിനൊപ്പം ഗ്രൗണ്ടിൽ പ്രഭാതസവാരിക്കും സൗകര്യമൊരുക്കണമെന്നും മറ്റ് കായികാവശ്യത്തിനും ഗ്രൗണ്ട് വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശവും കോടതി പരിഗണിച്ചതാണ് ഹർജിക്കാർക്കും ആശ്വാസമായത്. ആലുവ സ്വദേശി കെ.കെ. വിനോദ് ഉൾപ്പെടെ നാലുപേരാണ് ഹൈക്കോടതിയെ സമീപിച്ചത്. മുൻ കൗൺസിലിൽ വിഷയം വന്നതിന് പിന്നാലെ എൽ.ഡി.എഫും കോടതിയെ സമീപിച്ചിരുന്നു. ഹർജി നിലനിൽക്കേ പലവട്ടം നവീകരണം പുനരാരംഭിക്കാൻ നഗരസഭ നീക്കം നടത്തിയെങ്കിലും പ്രതിഷേധക്കാർ തടയുകയായിരുന്നു.
ജില്ലാ കളക്ടറുടെ തീരുമാനം നിർണായകമായി
പ്രതിഷേധത്തെത്തുടർന്ന് ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗമെടുത്ത തീരുമാനമാണ് കോടതി ഉത്തരവിൽ നിർണായകമായത്. ടർഫ് നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനിച്ചതിനൊപ്പം മാറ്റ് ഉപയോഗിച്ച് മറ്റ് കായിക പരിപാടികൾക്കും ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാനും കളക്ടർ നിർദ്ദേശിച്ചിരുന്നു. കുട്ടികൾക്ക് സൗജന്യമായി ഫുട്ബാൾ പരിശീലനം നൽകുന്നതിനും പ്രഭാതസവാരിക്കും ഗ്രൗണ്ട് ഉപയോഗിക്കണമെന്നും കളക്ടറുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു.
കോടതിവിധിയെ സ്വാഗതം ചെയ്യുന്നു. നഗരത്തിലെ അഞ്ച് സ്കൂളുകൾക്ക് ഗ്രൗണ്ട് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടർഫ് ആക്കുന്നതിനെ ഹർജിക്കാർ എതിർത്തത്. ഇത് ശരിയല്ലെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞു. ടർഫാക്കുന്നതും കോടതി തടഞ്ഞില്ല.
എം.എം. ജേക്കബ്
ദേശീയ ഫുട്ബാൾ താരം
വിധി ആശ്വാസകരമാണ്. ടർഫ് ആക്കുന്നത് കോടതി തടഞ്ഞില്ലെങ്കിലും മറ്റ് ആവശ്യങ്ങളെല്ലാം അംഗീകരിച്ചു. ഗ്രൗണ്ട് സ്വകാര്യസ്വത്താക്കാനുള്ള ചിലരുടെ നീക്കമാണ് തടഞ്ഞത്. മാറ്റ് ഉപയോഗിച്ച് മറ്റ് കായികാവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നത് അനുകൂലവിധിയാണ്. ഇതുവരെ ഫുട്ബാളിന് മാത്രമായി ചിലർ പരിമിതപ്പെടുത്തുകയായിരുന്നു
കെ.കെ. വിനോദ്
ഹർജിക്കാരൻ
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉടൻ തുടർ നടപടികൾ സ്വീകരിക്കും
ഫാസിൽ ഹുസൈൻ
നഗരസഭ വൈസ് ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |