
കോട്ടയം : കനത്ത ചൂടിൽ ജില്ലയിലെ പാലുത്പാദനത്തിൽ പ്രതിദിനം രണ്ടായിരത്തോളം ലിറ്ററിന്റെ കുറവ്. കഴിഞ്ഞ വർഷം ഈ സമയം അയ്യായിരം ലിറ്ററായിരുന്നു കുറവ്. ചൂട് കൂടിയാൽ ഇനിയും പാലിന്റെ അളവ് കുറയും. അതേസമയം പശുവളർത്തുന്നവരുടെ എണ്ണം കൂടിയത് തുണയായി. 2024-25 സാമ്പത്തിക വർഷത്തേക്കാൾ 20 ശതമാനം കർഷകർ നടപ്പു സാമ്പത്തിക വർഷം തിരികെ വന്നു. പാലുത്പാദനം ഇനിയും കുറഞ്ഞാൽ ഔട്ട് ലെറ്റുകൾക്ക് നൽകുന്ന പായ്ക്കറ്റ് പാലിന്റെ ക്വാട്ട കുറയ്‌ക്കേണ്ടി വരും. ഡിസംബറിൽ 85619 ലിറ്ററായിരുന്നു പ്രതിദന ഉത്പാദനമെങ്കിൽ ജനുവരിയിൽ 84001 ലിറ്ററായി കുറഞ്ഞു. കൂടുതൽ ആളുകളും വളർത്തുന്നത് തണുപ്പ് കാലാവസ്ഥയിൽ വളരുന്ന സങ്കരയിനം പശുക്കളാണ്. ചൂട് കൂടിയതോടെ ഇവയുടെ പരിപാലനച്ചെലവ് കൂടി. കാലിത്തീറ്റ വില കൂടിയതും ആവശ്യത്തിന് പുല്ല് ലഭ്യമല്ലാത്തതും തിരിച്ചടിയായി. മുൻപ് വിവിധയിടങ്ങളിൽ തീറ്റപ്പുല്ല് കൃഷിക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ഫലവത്തായില്ല.
തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുത്
പശുക്കളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുത്
തൊഴുത്തിന്റെ മേൽക്കൂരയിൽ ഓലയോ, ഷെയ്ഡ് നെറ്റോ പോലുള്ളവ ഇട്ട് ചൂട് കുറയ്ക്കണം
രണ്ടുനേരവും കുളിപ്പിക്കണം, പകൽ ഇടയ്ക്കിടെ വെള്ളം ഒഴിച്ചോ നനഞ്ഞ ചാക്കിട്ടോ തണുപ്പിക്കണം
ഒരു ദിവസം 60 ലിറ്റർ വെള്ളം കുടിക്കാൻ നൽകണം, കറവപ്പശുവിന് ഒരു ലിറ്റർ പാലിന് നാല് ലിറ്റർ
ഖരരൂപത്തിലുള്ള സമീകൃത തീറ്റ രാവിലെ ഏഴിന് മുമ്പും വൈകിട്ട് അഞ്ചിന് ശേഷവും നൽകുക.
'' സാധാരണ ഈ സമയമുണ്ടാകുന്നത്ര കുറവ് ഇക്കുറിയില്ല. ക്ഷീര കർഷകരുടെ എണ്ണം വർദ്ധിച്ചത് ആശ്വാസമാണ്.
സി.ആർ ശാരദ, ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |