വെള്ളറട: മലയോര ഗ്രാമങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ കൃഷി ചെയ്ത് കുടുംബം പുലർത്താൻ കഴിയാതെ കർഷകർ വലയുന്നു. കാട്ടിൽ നിന്നും കൂട്ടമായെത്തുന്ന വന്യജീവികൾ കർഷകരുടെ നാണ്യവിളകൾ പൂർണ്ണമായും നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇവയുടെ ശല്യത്തിന് പരിഹാരം കാണുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്വാക്കായ അവസ്ഥയിലാണ്.
നാണ്യവിളകൾ ഒന്നും തന്നെ കൃഷി ചെയ്യാനാകാത്ത അവസ്ഥയിലാണ് കർഷകർ. കാട്ടിൽ നിന്നുമെത്തുന്ന കാട്ടുപന്നിയും വാനരപ്പടയും കൃഷി വ്യാപകമായി നശിപ്പിക്കുന്നതിനു പുറമെ കർഷകരെയും ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്.
കൃഷി ചെയ്യാനാകാതെ കർഷകർ
ഹെക്ടർ കണക്ക് ഭൂമികളാണ് മലയോരത്ത് കൃഷിയിറക്കാൻ കഴിയാതെ തരിശായിട്ടിരിക്കുന്നത്. കപ്പയും വാഴയും നാളികേരവും പച്ചക്കറിയും മറ്റു പഴവർഗങ്ങളൊന്നും കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണ്. കാട്ടുപന്നികൾ വാഴയും മരിച്ചീനിയും വ്യാപകമായി നശിപ്പിക്കുമ്പോൾ വാനരൻമാർ പഴവർഗങ്ങളും പച്ചക്കറിയും നാളികേരവുമാണ് നശിപ്പിക്കുന്നത്. അത്യാവശ്യം കാപ്പി കൃഷിപോലും ചെയ്യാൻ കഴിയുന്നില്ല. കർഷിക മേഖലകളിൽ മുഴുവൻ കൃഷിയും നശിപ്പിക്കുകയാണ് മൃഗങ്ങൾ.
വാനരശല്യം രൂക്ഷം
മലയോരത്തുള്ളവർ നാളികേരത്തിന് മറ്റുള്ള പ്രദേശങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തെങ്ങിൽ വെള്ളയ്ക്ക പരുവം ആകുന്നതുൾപ്പെടെ വാനരൻമാർ വലിച്ച് നശിപ്പിക്കുകയാണ്. നിരവധി തവണ നിവേദനങ്ങളുമായി കർഷകർ മൃഗസംരക്ഷണ വകുപ്പിനെയും മറ്റും സമീപിച്ചുവെങ്കിലും ശല്യം ഒഴിവാക്കാൻ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല.
കൂടുകൾ സ്ഥാപിച്ചെങ്കിലും
മാസങ്ങൾക്ക് മുമ്പ് വാനരപടയുടെ ശല്യം കാരണം വീട്ടമ്മ ആത്മഹത്യചെയ്തതോടെ കർഷകർക്കിടയിൽ ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് കത്തിപ്പാറയിലെയും അമ്പൂരിയിലെയും ചില പ്രദേശങ്ങളിൽ വനം വകുപ്പ് വാനരൻമാരെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചെങ്കിലും ഇതുകൊണ്ട് കാര്യമായ പ്രയോജനമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |