കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിലെ വിവിധ വാർഡുകളിലും മുനക്കൽ ബീച്ച് പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പതിനഞ്ചോളം പേർക്കാണ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. നായ്ക്കളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുനയ്ക്കൽ ബീച്ച്, പുത്തൻപള്ളി, മേനോൻ ബസാർ, ലൈറ്റ് ഹൗസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾക്കും പ്രഭാത സവാരിക്കാർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ആയിരക്കണക്കിന് പേർ എത്തുന്ന ബീച്ചിൽ പോലും നായകൾ വിഹരിക്കുകയാണ്. പ്രശ്‌നത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് അഴീക്കോട് മനുഷ്യാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർച്ച് ഒന്നിന് പുത്തൻപള്ളി ജംഗ്ഷനിൽ ജനകീയ പരാതി നൽകുന്നതിന്റെ ഭാഗമായി ഒപ്പുശേഖരണം സംഘടിപ്പിക്കും.
നഗരത്തിലും നായ്ക്കൾ
കൊടുങ്ങല്ലൂർ നഗരപരിധിയിലും തെരുവുനായ്ക്കൾ വർദ്ധിക്കുന്നു. മാലിന്യ സംസ്‌കരണത്തിലെ അപാകതകൾ തെരുവുനായ്ക്കൾ വർദ്ധിക്കാൻ കാരണമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഭക്ഷ്യാവശിഷ്ടങ്ങൾക്ക് സമീപം ഇവ കൂട്ടമായാണ് എത്തുന്നത്.
നഗരസഭയുടെ ഭാഗത്തുനിന്ന് വന്ധീകരണവും പ്രതിരോധ കുത്തിവയ്പ്പ് നടപടികളും ശക്തിപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. പ്രധാന റോഡുകൾ, മാർക്കറ്റ് പ്രദേശങ്ങൾ, സ്‌കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ കൂട്ടമായി സഞ്ചരിക്കുന്ന തെരുവുനായ്ക്കൾ യാത്രക്കാരെയും ഇരുചക്ര വാഹനയാത്രികരെയും ആക്രമിക്കുകയാണ്. രാത്രികാലങ്ങളിൽ ആക്രമണസ്വഭാവം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.
നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥികളും നിരവധി സ്ത്രീകളും ഇരയായിട്ടുണ്ട്. തെരുവുനായ ശല്യത്തിന് അധികൃതർ ശാശ്വത പരിഹാരം കാണണം.
ബ്രിജിലാൽ,ചെയർമാൻ
അഴീക്കോട് മനുഷ്യാവകാശ കൂട്ടായ്മ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |