തൊടുപുഴ: ഒരു യുവാവിന്റെ ജീവൻ പൊലിയാനിടയാക്കിയ മുതലക്കോടം മാവിൻചുവട്ടിലെ കുഴി പോലെ കരിമണ്ണൂർ പഞ്ചായത്തിലെ ചക്കിമുക്ക് കവലയിലുമുണ്ട് അപകടക്കെണിയായി ഒരു കൽക്കെട്ട്. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന മൂവാറ്രുപുഴ- തേനി സംസ്ഥാനപാതയിലെ കൊടുവേലി- നെയ്യശ്ശേരി- കിഴക്കേ കോടിക്കുളം ജംഗ്ഷനിലാണ് കൽക്കെട്ടിന്റെ സംരക്ഷണഭിത്തി തകർന്ന് വൻ ഭീഷണിയാകുന്നത്. ഈ ഭാഗത്ത് റോഡിന് താഴെ ചതുപ്പ് നിലമാണ്. കെട്ട് തകർന്നിട്ട് വർഷങ്ങളായെങ്കിലും പുനഃസ്ഥാപിച്ചിട്ടില്ല. കരിമണ്ണൂരിലെ പാറമടയിൽ നിന്ന് ഭാരവാഹനങ്ങളുടെ സഞ്ചാരം സ്ഥിരമായതോടെ ഇവിടത്തെ റോഡും തകരാൻ തുടങ്ങി. പരാതി പറഞ്ഞിട്ടും നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറായില്ലെന്ന് ആരോപണമുണ്ട്. പിന്നീട് ജനപ്രതിനിധിയുടെ നേതൃത്വത്തിൽ പാറമട വാഹനങ്ങൾ തടഞ്ഞതോടെയാണ് താത്കാലിക പരിഹാരമായത്.
മാവിൻചുവടുമായി സമാനതകളേറെ
വർഷങ്ങൾക്ക് മുമ്പ് സ്വകാര്യബസ് നിയന്ത്റണം വിട്ടുണ്ടായ അപകടത്തിലാണ് മാവിൻചുവട്ടിലെ അപകട സ്ഥലത്തെ സ്ലാബ് തകർന്നത്. പിന്നീട് വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഒടുവിൽ ഒരു മരണം നടന്നതോടെയാണ് അധികൃതർ ഉണർന്നത്. മുമ്പ് തടിലോറി മറിഞ്ഞതിനെ തുടർന്നാണ് ഇവിടെ കൽക്കെട്ടിന്റെ ഭാഗമായ സംരക്ഷണ ഭിത്തി തകർന്നത്. പിന്നീട് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. റോഡ് പരിപാലനത്തിൽ പൊതുമരാമത്ത് വകുപ്പിന് ശ്രദ്ധയില്ല.
പൈപ്പ്പൊട്ടലും ഭീഷണി
സമീപത്ത് ജലഅതോറിട്ടിയുടെ പൈപ്പ്പൊട്ടി ശുദ്ധജലം പാഴാകുന്നതും ഭീഷണിയാണ്. വെള്ളം കുതിർന്ന് ഇറങ്ങുന്നത് മണ്ണിടിച്ചിൽ ഭീഷണിയുണ്ടാക്കും. സമീപത്തുള്ള വീട്ടിലേക്കാണ് ഉറവപോലെ ജലം ഒഴുകുന്നത്.
''പൊതുജനസുരക്ഷയെ കരുതി കരിമണ്ണൂർ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണം""
-ടോമി ജേക്കബ് (കോടിക്കുളം പഞ്ചായത്ത് അംഗം)
''പൊതുമരാമത്ത് വകുപ്പിനോട് നിരവധിതവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല""
-ജിൻസ് ജോൺ (കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് )
''കൽക്കെട്ട് നിർമ്മാണത്തിന് 2022ൽ 18 ലക്ഷത്തിന്റെ എസ്റ്രിമേറ്റ് നൽകിയിട്ടുള്ളതാണെങ്കിലും സർക്കാർ അനുമതി ലഭിച്ചിട്ടില്ല. പാതയ്ക്ക് വീതികുറവായതിനാൽ ശാസ്ത്രീയമായ രീതിയിൽ വീതികൂട്ടിയുള്ള പുനർനിർമ്മാണമാണ് പ്രശ്ന പരിഹാരം. അപകട മുന്നറിയിപ്പ് ബോർഡ് ഉടൻ സ്ഥാപിക്കും""
-കാർത്തിഷ് കൃഷ്ണൻ (പി.ഡബ്ല്യു.ഡി അസി. എൻജിനിയർ, കരിമണ്ണൂർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |