തൃശൂർ: കാൽനടയാത്രക്കാർക്ക് ഇനി മഴയും വെയിലും ഏൽക്കാതെ സഞ്ചരിക്കാം. സ്വരാജ് റൗണ്ടിന് ചുറ്റും 2.1 കിലോമീറ്റർ ദൂരത്തിൽ 'റൂഫ്ഡ് വാക്ക് വേ' വരുന്നു. തൃശൂർ സബ് വേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മേൽക്കൂരയുള്ള നടപ്പാത നിർമ്മാണം. പത്തടി ഉയരത്തിലും ആറടി വരെ വീതിയിലുമാണ് പാത ഒരുങ്ങുന്നത്. പോളി കാർബണേറ്റ് ഷീറ്റുകൾ ഉപയോഗിച്ചുള്ള മേൽക്കൂരയ്ക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനും ഇതുവഴി നടപ്പാതയിൽ വെളിച്ചം ഉറപ്പാക്കാനും പദ്ധതിയുണ്ട്. രണ്ട് കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മുനിസിപ്പൽ ഓഫീസ് റോഡിലേക്കും വ്യാപിപ്പിക്കാൻ ആലോചനയുണ്ടെങ്കിലും തൃശൂർ പൂരത്തിന് തടസമാകുമെന്ന ആശങ്കയുണ്ട്.
കോർപറേഷന് ചെലവ് വരാതെ സ്‌പോൺസർമാരിലൂടെ പദ്ധതി നടപ്പാക്കുകയാണ് സൊസൈറ്റി ലക്ഷ്യം.
നായ്ക്കനാലിലെ ട്രാഫിക് സിഗ്‌നൽ, നഗരത്തിലെ സബ് വേകൾ, അശ്വിനി ജംഗ്ഷനിലെ ട്രാഫിക് ഐലൻഡ് തുടങ്ങി നഗരത്തിലെ പ്രധാന നിർമ്മിതികളെല്ലാം നിർദ്ദേശിച്ചതും നടപ്പാക്കിയതും തൃശൂർ സബ് വേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ്.
റൂഫ്ഡ് വാക്ക് വേ
വാക്ക് വേ പൂർത്തിയായാൽ ഒരു ഷോപ്പിംഗ് മാളിനുള്ളിലൂടെ നടക്കുന്ന പ്രതീതിയാകുമെന്ന് സൊസൈറ്റി സെക്രട്ടറി ഇന്ദുകുമാർ പറയുന്നു.സ്വരാജ് റൗണ്ടിലെ കടകളിലേക്ക് പ്രവേശിക്കാൻ എളുപ്പമാകും.
എൻജിനീയർ സി.എസ്. മേനോന് ആണ് പ്രൊജക്ട് തയ്യാറാക്കുന്ന ചുമതല. തൃശൂർ സബ് വേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ സൊസൈറ്റി ഓഫീസിൽ നാളെ നടക്കുന്ന ചർച്ചയ്ക്ക് ശേഷം പദ്ധതിയുടെ നിർവഹണത്തിലേക്ക് കടക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ പറയുന്നു.
റൂഫ്ഡ് വാക്ക് വേ പദ്ധതി യാഥാർത്ഥ്യമാക്കാൻ കോർപറേഷന്റെയും വ്യാപാരികളുടെയും സഹകരണം ആവശ്യമാണ്. എല്ലാം ശരിയായാൽ അടുത്ത ഓണക്കാലത്തിന് മുൻപേ സ്വരാജ് റൗണ്ടിൽ നടപ്പാത ഒരുക്കും.
ഇന്ദുകുമാർ, സെക്രട്ടറി, തൃശൂർ സബ് വേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ സൊസൈറ്റി
2.1 കിലോമീറ്റർ ദൂരത്തിൽ മേൽക്കൂര
10 അടി ഉയരം
6 അടി വീതി
ചെലവ് 2 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |