SignIn
Kerala Kaumudi Online
Thursday, 26 February 2026 1.20 PM IST

അന്ന് ബ്രിട്ടീഷ് സാമ്രാജ്യം 35,000 രൂപ കടംവാങ്ങി; പലിശയടക്കം തിരികെ തരണമെന്ന് ഇന്ത്യൻ കുടുംബം, കോടികൾ വരുമെന്ന് വാദം

Increase Font Size Decrease Font Size Print Page
vivek-ruthia

ഭോപ്പാൽ: 109 വർഷങ്ങൾക്കുമുൻപ് ബ്രിട്ടീഷ് സാമ്രാജ്യത്തിന് കടംകൊടുത്ത 35,000 രൂപ തിരികെ ആവശ്യപ്പെട്ട് ഇന്ത്യൻ കുടുംബം. മദ്ധ്യപ്രദേശിലെ സെഹോർ പട്ടണത്തിൽ നിന്നുള്ള ഒരു കുടുംബമാണ് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. 1917ൽ ബ്രിട്ടീഷ് സർക്കാർ കുടുംബത്തിൽ നിന്ന് പണം വായ്പയായി വാങ്ങിയതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ഒന്നാംലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യം ദുർബലമായപ്പോൾ സെഹോറിലെ ധനികനും വ്യവസായിയുമായ സേത്ത് ജുമ്മലാൽ റൂത്തിയയിൽ നിന്ന് 35,000 രൂപ കടംവാങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

ആ കാലഘട്ടത്തിൽ 35,000 രൂപയെന്നത് ഭീമമായ ഒരു തുകയായിരുന്നു. ഇതുപയോഗിച്ച് എസ്‌​റ്റേ​റ്റുകൾ രൂപപെടുത്താനും ഭരണത്തിൽ വലിയ തരത്തിലുള്ള മാ​റ്റങ്ങൾ വരുത്താനും സാധിക്കുമായിരുന്നു. എന്നാൽ റൂത്തിയ കുടുംബം പറയുന്നതനുസരിച്ച് ബ്രിട്ടീഷ് സാമ്രാജ്യം ഇതുവരെ കടം വാങ്ങിയ പണം തിരികെ തന്നിട്ടില്ലെന്നാണ്. സേത്ത് ജുമ്മലാലിന്റെ ചെറുമകനായ വിവേക് റൂത്തിയയാണ് ബ്രിട്ടീഷ് സർക്കാരിനെതിരെ നിയമനടപടികൾക്കൊരുങ്ങുന്നത്. അദ്ദേഹം ബ്രിട്ടീഷ് സർക്കാരിന് നിയമപരമായുള്ള അറിയിപ്പ് അയക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

ഇതിനെ ചരിത്രപരവും തിരിച്ചടയ്ക്കാത്തതുമായ പരമാധികാര കടമെന്നാണ് വിവേക് റൂത്തിയ വിശേഷിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് സർക്കാരിന്റെ കടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. അദ്ദേഹത്തിന്റെ പിതാവിന്റെ മരണശേഷമാണ് കുടുംബത്തിന്റേതായ പഴയ രേഖകൾ പരിശോധിക്കാനിടയായതെന്നും അപ്പോഴാണ് 1917ൽ തന്റെ മുത്തശ്ശൻ ബ്രിട്ടീഷ് സർക്കാരിന് 35,000 രൂപ കടം കൊടുത്തതുമായി ബന്ധപ്പെട്ട രേഖകൾ കണ്ടതെന്നും വിവേക് റൂത്തിയ പറയുന്നു. ആ പണം തിരികെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ബ്രിട്ടീഷ് ഭരണകാലത്ത് ഭോപ്പാൽ നാട്ടുരാജ്യത്തിലെ ഭരണം കാര്യക്ഷമമാക്കുന്നതിനാണ് വായ്പ എടുത്തതെന്നും അത് യുദ്ധ വായ്പയായി നാമകരണം ചെയ്യപ്പെട്ടുവെന്നും രേഖകളിൽ സൂചിപ്പിച്ചിട്ടുണ്ട്. വായ്പ നീട്ടിക്കൊടുത്ത് ഏകദേശം 20 വർഷത്തിനുശേഷമാണ് സേത്ത് ജുമലാൽ റുത്തിയ മരിച്ചത്. കുടുംബം പറയുന്നതനുസരിച്ച്, ഈ വിഷയം പരിഹരിക്കപ്പെടാതെ തുടർന്നെന്നാണ്. 1917ൽ 35,000 രൂപയെന്നത് ഇപ്പോൾ നിസാര തുകയായി തോന്നിയേക്കാമെന്നും എന്നാൽ ഇന്നത്തെ അതിന്റെ മൂല്യം പലിശയും ചേർത്ത് കോടിക്കണക്കിന് രൂപ (ഏകദേശം 1.85 കോടി രൂപ) വരുമെന്ന് വിവേക് ​​റുത്തിയ വാദിക്കുന്നു.

അതേസമയം, ഈ വിഷയം ഹേഗ് കോടതിയിലോ അന്താരാഷ്ട്ര ജുഡീഷ്യൽ ഫോറത്തിലോ എത്താൻ സാദ്ധ്യതയുണ്ടെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ, നൂറ്റാണ്ട് പഴക്കമുള്ള രേഖകളുടെ ആധികാരികതയും നിയമപരമായ സാധുതയും സ്ഥാപിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA, MONEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.