
യൂറോപ്യൻ ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡും പി.എസ്.ജിയും നോക്കൗട്ടിൽ, യുവന്റസ് പുറത്ത്
മാഡ്രിഡ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ പ്ലേ ഓഫ് കടന്ന് മുൻചാമ്പ്യന്മാരായ റയൽ മാഡ്രിഡും നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയും നോക്കൗട്ട് റൗണ്ടിലെത്തി. അതേസമയം ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് പുറത്തായി.
ബെൻഫിക്ക കടന്ന്
സ്വന്തം തട്ടകമായ മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന രണ്ടാം പാദപ്ലേ ഓഫിൽ ബെൻഫിക്കയെ 2-1ന് കീഴടക്കിയാണ് റയൽ നോക്കൗട്ട് ഉറപ്പിച്ചത്. ബെൻഫിക്കയുടെ തട്ടകത്തിൽ നടന്ന സംഭവ ബഹുലമായ ആദ്യ പാദത്തിൽ 1-0ത്തിന്റെ ജയം നേടിയ റയൽ ഇരുപാദങ്ങളിലുമായി 3-1നാണ് ബെൻഫിക്കയെ കീഴടക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് റയൽ ജയിച്ചുകയറിയത്. ഒന്നാം പാദത്തിൽ റയലിന്റെ വിജയഗോൾ നേടുകയും വംശിയാധിക്ഷേപംനേരിടുകയും ചെയ്ത വിനീഷ്യസ് ജൂനിയറാണ് രണ്ടം പാദത്തിലും റയലിന്റെ വിജയശില്പിയായത്.
14-ാം മിനിട്ടിൽ റാഫ സിൽവ ബെൻഫിക്കയെ മുന്നിലെത്തിച്ചു. രണ്ട് മിനിട്ടിനകം ചുവാമെനി റയലിന് സമനില സമ്മാനിച്ചു. 80-ാം മിനിട്ടിൽ വാൽവെർഡെയുടെ തന്നെ പാസിൽ നിന്നാണ് വിനീഷ്യസ് റയലിന്റെ വിജയഗോൾ നേടിയത്.
രണ്ടാം പാദത്തിൽ മൊണാക്കോയുമായി 2-2ന്റെ സമനില പാലിച്ച പി.എസ്.ജി ആദ്യ പാദത്തിൽ 3-2ന്റെ ജയം നേടിയതിന്റെ പിൻബലത്തിൽ പ്രീക്വാർട്ടറിൽ കടന്നു. ഇരുപാദങ്ങളിലുമായി 5-4നാണ് പി.എസ്.ജിയുടെ വിജയം. മമദൗ കൗലിബാലി58-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ടതിനാൽ പത്ത് പേരായി ചുരുങ്ങിയത് മൊണാക്കോയ്‌ക്ക് തിരിച്ചടിയായി.
രണ്ടാം പാദത്തിൽ 3-2ന്റെ ജയം നേടിയെങ്കിലും ആദ്യപാദത്തിലേറ്റ 2-5ന്റെ തോൽവി ഗലത്‌സരെയ്‌ക്കെതിരെ യുവന്റസിന് തിരിച്ചടിയായി. അഗ്രഗേറ്റിൽ 7-5ന് യുവന്റസിനെ മറികടന്ന് ഗലത്സരെ അവസാന 16ൽ ഇടം നേടി. ആദ്യപാദത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റെങ്കിലും സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 4-1ന്റെ ജയം നേടി ഇറ്റാലിയൻ ക്ലബ് അത്‌ലാന്റ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ മറികടന്ന് നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തു. അവസാന നിമിഷങ്ങളിൽ സ്കോൾറ്റർബെക്കും ബെൻസെബെയിനിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ 9 പേരുമായാണ് ബൊറൂഷ്യ മത്സരം പൂർത്തിയാക്കിയത്.
റിയലി റയൽ
ഒന്നാം പാദ മത്സരത്തിനിടെ തനിക്ക് നേരെ വംശീയാധിക്ഷേപം നടത്തിയെന്ന് വീനിഷ്യസ് ആരോപിച്ച ബെൻഫിക്ക താരം ജിയാൻലൂക്ക പ്രെസ്റ്റിയാനി യുവേഫയുടെ താത്കാലിക വിലക്ക് നേരിടുന്നതിനാൽ ഇന്നലെ കളിച്ചില്ല
ഒന്നാം പാദത്തിനിടെ ചുവപ്പ് കാർഡ് കണ്ട ബെൻഫിക്ക കോച്ച് മൗറീഞ്ഞോയും ഇന്നലെ പുറത്തായിരുന്നു.
പ്രാഥമിക ഘട്ടത്തിൽ തങ്ങളുടെ അവസാന മത്സരത്തിൽ ബെൻഫിക്കയോട് തോറ്റതോടെയാണ് റയലിന് നോക്കൗട്ടിൽ കടക്കാൻ പ്ലേഓഫ് കളിക്കേണ്ടി വന്നത്. ആ ബെൻഫിക്കയെ തന്നെ തോൽപ്പിച്ച് നോക്കൗട്ടിലെത്താനായത് റയലിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |