
കോഴിക്കോട്: സാങ്കേതിക ഉടക്കിൽ പ്രവൃത്തി മുടങ്ങിപ്പോയ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് നവീകരണത്തിൽ വരുന്ന മലാപ്പറമ്പ്- വെള്ളിമാടുകുന്ന് ഭാഗത്തെ പ്രവൃത്തി ഉടൻ ആരംഭിക്കും. മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.32 കിലോമീറ്റർ റോഡ് പ്രവൃത്തി ആരംഭിച്ചെങ്കിലും മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള റോഡ് ദേശീയപാതയുടെ ഭാഗമായതിനാൽ നവീകരണത്തിന് അനുമതി ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയുടെയും സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലിന്റെയും ഫലമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് രണ്ടാം ഘട്ട പ്രവൃത്തി ആരംഭിക്കുന്നത്. മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നവീകരണ പദ്ധതി മലപ്പറമ്പിൽ കുടുങ്ങിക്കിടന്നത് വലിയ ആരോപണത്തിന് ഇടയാക്കിയിരുന്നു. മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് പ്രവൃത്തി അവസാനഘട്ടത്തിലാണ്. തടസം നീങ്ങിയ തോടെ മലാപ്പറമ്പ്- വെള്ളിമാടുകുന്ന് റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കാൻ കരാറുകാർക്ക് കേരള റോഡ് ഫണ്ട് ബോർഡ് നിർദ്ദേശം നൽകി. 24 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിലുള്ള ഡിസൈൻഡ് റോഡായാണ് മാനാഞ്ചിറ വെള്ളിമാടുകുന്ന് വികസന പ്രവൃത്തി നടപ്പിലാക്കുന്നത്. 8.34 കിലോമീറ്റർ ദൂരം വരുന്ന മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് നവീകരണത്തിന് 482 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. സ്ഥലം ഏറ്റെടുക്കലിന് മാത്രമായി 344.5 കോടി രൂപ അനുവദിച്ചു.
'നഗരത്തിന്റെ ദീർഘകാല സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. പൂർണമായും സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പ്രവൃത്തിയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിക്കാൻ കാലതാമസം ഉണ്ടായി. നിരന്തര ഇടപെടലിനെ തുടർന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്ന് രണ്ടാംഘട്ട വികസന പ്രവൃത്തിക്ക് അനുമതി ലഭിച്ചത്. പദ്ധതിയിൽ ചില വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയാണ് കേന്ദ്രാനുമതി ലഭ്യമായത്. ആ വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയാണ് പ്രവൃത്തി ആരംഭിക്കുന്നത്. പി.എ മുഹമ്മദ് റിയാസ്, പൊതുമരാമത്ത് മന്ത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |