
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ മത്സരിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മത്സരിക്കില്ല. ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കുക പിണറായി തന്നെയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പി.ബി യോഗത്തിൽ ധാരണയിലെത്തിയതിന് പിന്നാലെയാണ് മത്സരകാര്യത്തിൽ സെക്രട്ടേറിയറ്റ് തീരുമാനം.
മാർച്ച് എട്ടോടെ സി.പി.എം സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നടത്തും. കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലശ മത്സരിക്കുമോ എന്നതിൽ സെക്രട്ടേറിയറ്റ് വ്യക്തത വരുത്തിയിട്ടില്ല. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ പ്രാഥമികപ്പട്ടികയിൽ ശൈലജയുടെ പേരുണ്ടായിരുന്നില്ല. മട്ടന്നൂരിൽ പാർട്ടി സ്ഥാനാർത്ഥി ആരായാലും ജയിക്കുമെന്ന നിലപാടാണ് ജില്ലാനേതൃത്വം നൽകിയ റിപ്പോർട്ടിലുള്ളത്.
മുൻമന്ത്രി ജി.സുധാകരൻ, മുൻ എം.എൽ.എ കെ.സുരേഷ് കുറുപ്പ് എന്നിവരുടെ പേരുകളും പരിഗണിച്ചിട്ടില്ല. എം.വി.നികേഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വവും തീരുമാനിച്ചിട്ടില്ല. ഡോ. തോമസ് ഐസക് മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിനു താത്പര്യമുണ്ടെങ്കിലും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റു നൽകിയ പട്ടികയിൽ പേരില്ല. തളിപ്പറമ്പിൽ തന്റെ പിൻഗാമിയായി ഭാര്യ പി.കെ.ശ്യാമളയെ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആലപ്പുഴയിൽ കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാതയെ പരിഗണിക്കണമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്. ജില്ലാ സെക്രട്ടേറിയറ്റ് പട്ടികയിൽ സുജാതയുടെ പേരുണ്ടായിരുന്നില്ല. ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ ജയസാദ്ധ്യതയുള്ളവരുടെ പേരുകൾ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. ഇതിൽ നിരവധി മണ്ഡലങ്ങളിൽ ഒന്നിലേറെ പേരുകളുണ്ട്.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ എന്നിവരുടെ പേരുകൾ ജില്ലാ ഘടകങ്ങൾ നൽകിയിട്ടുണ്ട്. ഇവർ സ്ഥാനാർത്ഥികളായാൽ പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുക്കും. ഇന്നും നാളെയുമായി സി.പി.ഐ നേതാക്കളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി ചർച്ച നടത്തും. മൂന്നാം തീയതിക്ക് മുമ്പ് ഇടതുമുന്നണിയിലെ സീറ്റു ചർച്ച പൂർത്തിയാക്കാനാണ് തീരുമാനം.
വിജയം ഉറപ്പുള്ള
ഇടങ്ങളിൽ ടേം നിബന്ധന
സി.പി.എമ്മിന് വിജയം ഉറപ്പുള്ള മണ്ഡലങ്ങളിൽ രണ്ടു ടേം നിബന്ധന പാലിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. തുടർച്ചയായി പാർട്ടി ജയിക്കുന്ന മണ്ഡലങ്ങളിലാണ് ഇത് നടപ്പാക്കുക. അതേസമയം ചിലയിടങ്ങളിൽ രണ്ടുടേം പൂർത്തിയാക്കിയെങ്കിലും സിറ്റിംഗ് എം.എൽ.എമാർ മത്സരിച്ചാലേ ജയിക്കൂ എന്നുണ്ടെങ്കിൽ അവിടങ്ങളിൽ ടേം വ്യവസ്ഥ ഒഴിവാക്കും. തർക്കമുണ്ടായാൽ സംസ്ഥാന നേതൃത്വത്തിന്റേതാകും അന്തിമ തീരുമാനം.
''സ്ഥാനാർത്ഥി തീരുമാനത്തിൽ അന്തിമ വാക്ക് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റേതായിരിക്കും
-എം.വി.ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |