എം.എൻ.കാരശ്ശേരി
1971ൽ എന്നെപ്പോലെ അനേക ലക്ഷം മലയാളികളെ ഞെട്ടിച്ചുകൊണ്ടാണ് കെ.പി ഉണ്ണിക്കൃഷ്ണൻ തിരഞ്ഞെടുപ്പ് വേദിയിൽ എത്തുന്നത്. അക്കൊല്ലത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിലെ സ്ഥാനാർത്ഥി ലീലാ ദാമോദരമേനോൻ ആണെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. അവരുടെ ഫോട്ടോയും ചിഹ്നവും അച്ചടിച്ച കളർ പോസ്റ്ററുകൾ കോയമ്പത്തൂരിൽ നിന്ന് വടകരയിലെത്തി അത് ഇറക്കിക്കൊണ്ടിരിക്കുമ്പോഴാണ് സ്ഥാനാർത്ഥി ഉണ്ണിക്കൃഷ്ണനാണെന്ന് വന്നത്. ഒരു വിശദീകരണമേ ഉണ്ടായിരുന്നുള്ളൂ ഇന്ദിരാഗാന്ധിയ്ക്ക് താല്പര്യമുള്ള സ്ഥാനാർത്ഥി എന്നുമാത്രം. കോൺഗ്രസ് പാർട്ടിയ്ക്കകത്തോ ഐക്യജനാധിപത്യമുന്നണിക്കകത്തോ ഒരെതിർപ്പും ഉണ്ടായില്ല. നല്ല ഭൂരിപക്ഷം നേടി അദ്ദേഹം ജയിക്കുകയും ചെയ്തു.
എം.ജി.എസ് നാരായണൻ പറഞ്ഞാണ് കെ.പി.ഉണ്ണിക്കൃഷ്ണന്റെ വ്യക്തിപരമായ ചില കാര്യങ്ങൾ ഞാൻ കേൾക്കുന്നത്. ഞാൻ അന്ന് കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗത്തിൽ എം.എ.യ്ക്ക് പഠിക്കുകയാണ്. തൊട്ടടുത്ത ചരിത്രവിഭാഗത്തിന്റെ തലവൻ എം.ജി.എസ്സുമായി ഞങ്ങൾക്കൊക്കെ വലിയ ബന്ധമായിരുന്നു.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ തന്റെ ഒപ്പം പഠിച്ച കോഴിക്കോട്ടുകാരനും സുന്ദരനുമായ ഉണ്ണികൃഷ്ണൻ എന്ന പ്രിയസുഹൃത്തിനെപ്പറ്റി പല തമാശകളും ആ ചരിത്രാദ്ധ്യാപകന്‍ പറയാനുണ്ടായിരുന്നു 1972- 74 കാലത്തെ കഥയാണ്. ഞാൻ 1976 ൽ കോഴിക്കോട്ട് മാതൃഭൂമിയിൽ സബ്എഡിറ്റർ ട്രെയ്നിയായി ചേർന്നതോടെ സാങ്കേതികമായി ഞങ്ങൾ തമ്മിലൊരു ബന്ധം വന്നു. ആയിടയ്ക്ക് എപ്പോഴോ ആണ് ദൽഹിയിലെ അശോക ഹോട്ടലിലെ റിസപ്ഷനിസ്റ്റ് അമൃത എന്ന ബംഗാളി സുന്ദരിയുമായി ഉണ്ണിക്കൃഷ്ണൻ പ്രണയത്തിലാണെന്ന് കേട്ടത്. അന്ന് കല്യാണകത്തുമായി പത്രം ഓഫീസിലെത്തിയതെല്ലാം വല്ലാത്തൊരോർമ്മയാണ്.
കോഴിക്കോട് ഗവണ്മെന്റ് ആർ്ട്സ് ആൻഡ് സയൻസ് കോളേജിലെ മലയാളവിഭാഗത്തിൽ അദ്ധ്യാപകനായി ജോലികിട്ടിയതോടെ ഞാൻ പത്രം വിട്ടു (1978). ആര്‍ട്സ് കോളേജിൽ സഹപ്രവർത്തകനായിരുന്ന ചരിത്രാദ്ധ്യാപകൻ എം.ഗംഗാധരൻ ഉണ്ണിക്കൃഷ്ണനുമൊത്തുള്ള മദിരാശി പഠനകാലത്തെ കൗതുകങ്ങൾ പങ്കുവെക്കുമായിരുന്നു.
മാദ്ധ്യമങ്ങൾ വഴി അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ കയറ്റിറക്കങ്ങൾ വായിച്ചറിയുന്നതിനപ്പുറം എനിക്ക് വേറെ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ 2024 ജനുവരിയിലാണ് മതേതരസമാജത്തിന്റെ വർക്കിംഗ് പ്രസിഡന്റും സുഹൃത്തുമായ കെ.പി.രാജശേഖരൻ ആ വിവരം പറയുന്നത് ഉണ്ണിക്കൃഷ്ണൻ എന്നെപ്പറ്റി അന്വേഷിച്ചിരുന്നു. എന്നെക്കാണാൻ താല്പര്യമുണ്ട് എന്ന് ചൊല്ലി അയച്ചിരിക്കുന്നു. ആ ആഴ്ചതന്നെ രാജശേഖരനെയും കൂട്ടി ഞാൻ പന്നിയങ്കരയിലുള്ള പഴയ തറവാടു വീട്ടിൽ ചെന്നു. വാർദ്ധക്യത്തിന്റെ അവശതയിലും ഒളിമങ്ങാത്ത പുഞ്ചിരിയോടുകൂടി അദ്ദേഹം പറഞ്ഞു:
ഏഷ്യനെറ്റിലും മറ്റും ഞാൻ നിങ്ങളുടെ ചർച്ച ശ്രദ്ധിക്കാറുണ്ട്. നിങ്ങളുടെ നിലപാടുകളിൽ പലതിനോടും എനിക്ക് യോജിപ്പാണ്. അതാണ് കാണണമെന്ന് പറഞ്ഞയച്ചത്.?എനിക്ക് വളരെ സന്തോഷമായി. ഞാൻ പഴയ പത്രക്കാരനാണെന്നും എനിക്ക് കല്യാണക്കത്ത് തന്നിട്ടുണ്ടെന്നും മറ്റുമുള്ള കഥകൾ വിസ്തരിച്ചെങ്കിലും അദ്ദേഹത്തിന് അതൊന്നും ഓർമ്മയുണ്ടായിരുന്നില്ല. ഉണ്ണികൃഷ്ണൻ ഓർമ്മിക്കാൻ മാത്രം എന്റെ കാര്യത്തിലെന്തുണ്ട്?.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |