SignIn
Kerala Kaumudi Online
Thursday, 05 March 2026 3.45 AM IST

പരീക്ഷ ജീവിതമല്ല, ജീവിതത്തിന്റെ ഭാഗം മാത്രം: എൻ.എസ്.കെ.ഉമേഷ്

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: പരീക്ഷ ജീവിതമല്ല, ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്.അതിനാൽ ആത്മവിശ്വാസത്തോടെ നേരിടുകയാണ് വേണ്ടതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു.സംസ്ഥാനത്ത് എസ്.എസ്.എൽ.സി,ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കാനിരിക്കെ, വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്നും പരീക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ച് വ്യക്തമാക്കിയും കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചോദ്യം: പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ ഏത് ഘട്ടത്തിലാണ്? കുട്ടികൾക്കായി എന്തൊക്കെ സൗകര്യങ്ങളാണ് പരീക്ഷാഭവൻ ഒരുക്കിയിരിക്കുന്നത്?

ഡി.ജി.ഇ: എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സജ്ജീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ പരീക്ഷ എഴുതാനുള്ള എല്ലാ തയ്യാറെടുപ്പുകളും ചെയ്തിട്ടുണ്ട്.പരാതികൾക്ക് ഇടമില്ലാത്ത വിധം വളരെ നല്ല രീതിയിൽ പരീക്ഷകൾ നടത്താനാണ് ഞങ്ങളുടെ തീരുമാനം.

ചോദ്യം: കുട്ടികൾ വലിയ തോതിൽ പരീക്ഷാ സമ്മർദ്ദം അനുഭവിക്കാറുണ്ട്. ഇത് കുറയ്ക്കാൻ എന്തെങ്കിലും പദ്ധതികൾ?

ഡി.ജി.ഇ: തീർച്ചയായും. അതിന്റെ ഭാഗമായി നമ്മൾ 'വി ഹെൽപ്പ്' സെന്റർ നടത്തിയിരുന്നു. നിരവധി കുട്ടികളാണ് വിളിച്ച് പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾ,പരീക്ഷാ സമ്മർദ്ദം അങ്ങനെ ഒരുപാട് കാര്യങ്ങൾ ചോദിച്ചു. നമ്മുടെ അദ്ധ്യാപകർ വളരെ നല്ല രീതിയിൽ തന്നെയാണ് പ്രതികരിച്ചത്. അതിന്റെ ഗുണം കുട്ടികൾക്ക് ലഭിക്കുമെന്ന് തന്നെയാണ് കണക്കാക്കുന്നത്.

ചോദ്യം: നാളെ പരീക്ഷ എഴുതാനിരിക്കുന്ന കുട്ടികളോട് വ്യക്തിപരമായി എന്താണ് പറയാനുള്ളത്?

ഡി.ജി.ഇ: കുട്ടികൾ വളരെ നന്നായി പരിശ്രമം ചെയ്താണ് പരീക്ഷയ്ക്ക് വരുന്നത്. ആ കഠിനാധ്വാനത്തിന് തീർച്ചയായും ഫലം ലഭിക്കും.പക്ഷെ,ഇത് വെറുമൊരു പരീക്ഷ മാത്രമാണെന്ന കാര്യബോധം വേണം. പരീക്ഷ എന്നത് ജീവിതമല്ല, മറിച്ച് ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗം മാത്രമാണ്. അങ്ങനെയൊരു ശുഭപ്രതീക്ഷയും ആത്മധൈര്യയും വളർത്തിയെടുക്കണം.

ചോദ്യം: പരീക്ഷാപ്പേടി മാറ്റാൻ എന്തെങ്കിലും ലളിതമായ ഉപദേശം നൽകാനുണ്ടോ?

ഡി.ജി.ഇ: ഞാൻ ഡി.ജി.ഇ ആയിട്ടല്ല, മറിച്ച് 20 വർഷം മുമ്പ് പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിയായിട്ടാണ് പറയുന്നത്.നിങ്ങൾക്ക് മാനസികസമ്മർദ്ദമുണ്ടെങ്കിലും ഇല്ലെങ്കിലും വരുന്നത് ഒരേ ചോദ്യപ്പേപ്പർ തന്നെയാണ്.ടെൻഷൻ അടിച്ചാൽ ഒരു ചോദ്യപ്പേപ്പറും ജോളിയായി പോയാൽ വേറെ ചോദ്യപ്പേപ്പറുമല്ല.അതുകൊണ്ട് ടെൻഷൻ ഇല്ലാതെ പരീക്ഷ എഴുതുന്നതാണ് ഏറ്റവും നല്ലത്.തമിഴ്നാട്ടിലും കേരളത്തിലുമായി പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പരീക്ഷയെഴുതിയ ആൾ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഇത്രമാത്രം,സമാധാനമായി പരീക്ഷയെ നേരിടുക.എല്ലാ കുട്ടികൾക്കും നല്ലൊരു പരീക്ഷ ആശംസിക്കുന്നു.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.