
മലപ്പുറം: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ലക്ഷ്യമിട്ടുള്ള പൊലീസിന്റെ ഓപ്പറേഷൻ സൈഹണ്ടിൽ ജില്ലയിൽ 27 പേർ അറസ്റ്റിലായി. നിരവധി ഉപകരണങ്ങൾ പിടിച്ചെടുത്തു. വിവിധ സ്റ്റേഷനുകളിലായി 36 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 17 പേർക്ക് നോട്ടീസ് നൽകി. പ്രതികളിൽ നിന്ന് 36 ഇലക്ട്രോണിക് ഡിവൈസുകളും 70ൽ പരം പാസ്ബുക്ക്/ചെക്ക് ബുക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം ഇന്നലെ രാവിലെ ആറ് മുതലാണ് പരിശോധന ആരംഭിച്ചത്. രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി തട്ടിയെടുത്ത പണം ചെക്കുകൾ ഉപയോഗിച്ചും എ.ടി.എമ്മിലൂടെയും പിൻവലിച്ചവരെയും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മിഷൻ പറ്റിയവരെയുമാണ് അറസ്റ്റ് ചെയ്തത്. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നേരിട്ട് ബന്ധമില്ലാത്തതായി പ്രഥമദൃഷ്ടിയിൽ ബോധ്യപ്പെട്ടവരെയാണ് നോട്ടീസ് നൽകി വിട്ടയച്ചത്.
വിവിധ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് മൂന്ന് മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൈഹണ്ട് ഓപ്പറേഷൻ നടത്തിയത്. കാര്യമായ പണം കൈമാറ്റം നടക്കാത്ത, അടുത്തിടെ മാത്രം സജീവമായ ബാങ്ക് അക്കൗണ്ടിൽ ഒരുദിവസം വലിയ തുകകൾ എത്തുകയും പണം അക്കൗണ്ടിൽ ക്രെഡിറ്റ് ആയി നിമിഷങ്ങൾക്കകം അത് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിൽ അസ്വാഭാവികത തോന്നി പൊലീസ് അക്കൗണ്ട് വിവരങ്ങൾ തേടി. ഇവ വാടക അക്കൗണ്ട് (മ്യൂൾ അക്കൗണ്ട്) ആണെന്ന് ഉറപ്പാക്കിയതോടെ വിശദ അന്വേഷണം നടത്തിയാണ് തട്ടിപ്പുകാരിലേക്ക് എത്തിയത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇരകളുടെ വിവരങ്ങൾ ലഭ്യമാകൂ. ഇരകളിൽ കേരളത്തിന് പുറത്തുനിന്നുള്ളവരുമുണ്ട്.
ജില്ലയിലെ ഓപ്പറേഷൻ സൈഹണ്ടിന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ മേൽനോട്ടം നൽകി. ഡി.സി.ആർ.ബി ഡി.വൈ.എസ്.പി പ്രകാശൻ പി.പടന്നയിൽ, വിവിധ സബ് ഡിവിഷണൽ ഓഫീസർമാർ, ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ചിത്തരഞ്ജന്റെ നേതൃത്വത്തിൽ സൈബർ കൺട്രോൾ റൂം അംഗങ്ങളായ എ.എസ്.ഐ അനീഷ് കുമാർ, അശോക് കുമാർ, രാജേഷ്, സിവിൽ പൊലീസ് ഓഫീസറായ മുഹമ്മദ് ജസീം, രഞ്ജിത്ത്, ജയപ്രകാശ്, ധനൂപ്, അരുൺ, ശ്രീജിത്ത്, വിഷ്ണു ശങ്കർ, റിജിൽ രാജ്, മൻസൂർ, രാഹുൽ എന്നിവരടങ്ങിയ സൈബർ കൺട്രോൾ റൂമാണ് പരിശോധനയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകിയത്. പൊതുജനങ്ങൾ സംശയാസ്പദമായ കോളുകളും ഓൺലൈൻ വാഗ്ദാനങ്ങളും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും സൈബർ തട്ടിപ്പിൽ ഉൾപ്പെട്ടാൽ പരാതികൾ ഉടൻ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |