
വിടവാങ്ങിയിട്ട് പത്ത് വർഷം പിന്നിടുമ്പോഴും ഇന്നും ഓരോ മലയാളി പ്രേക്ഷകരുടെയും മനസിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയെയും മകളെയും കുറിച്ചുള്ള വിവരങ്ങളൊന്നും കുടുംബം പുറത്തുവിട്ടിരുന്നില്ല. മാദ്ധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും മാറിനിൽക്കുകയായിരുന്നു അവർ.
ഇപ്പോഴിതാ കലാഭവൻ മണിയുടെ കുടുംബത്തിൽ നിന്നുള്ള സന്തോഷവാർത്ത പങ്കുവച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരൻ ഡോ. ആർഎൽവി രാമകൃഷ്‌ണൻ. കലാഭവൻ മണിയുടെ ആഗ്രഹം പോലെതന്നെ മകൾ ശ്രീലക്ഷ്‌മി (പാപ്പ) ഡോക്‌ടർ ആയി എന്നാണ് അദ്ദേഹം പറഞ്ഞത്. മണി ഓർമയായി പത്ത് വർഷം തികയുന്ന ദിനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാമകൃഷ്‌ണൻ.
'ചേട്ടന്റെ ആഗ്രഹം പോലെ തന്നെ മകൾ ഡോക്‌ടറായി. പാവപ്പെട്ടവരുടെ ഡോക്‌ടർ ആകണമെന്നായിരുന്നു ചേട്ടന്റെ ആഗ്രഹം. മകൾ എംബിബിഎസ് കഴിഞ്ഞ് പ്രാക്‌ടീസ് ചെയ്യുകയാണ്. എന്റെ ജീവിതത്തിലെ ഉയർച്ചയ്‌ക്കും ചേട്ടൻ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. അതിനായുള്ള സാഹചര്യം അദ്ദേഹം ഒരുക്കിയിരുന്നു. ഡോക്‌ടറേറ്റ് കിട്ടി, കലാമണ്ഡലത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിച്ചു. ഇതൊക്കെ അദ്ദേഹത്തിന്റെ ചിന്തകളെ മനസിൽ സൂക്ഷിച്ചുകൊണ്ട്, ഒട്ടും പതറാതെ മുന്നോട്ടുപോയതുകൊണ്ടാണ്. മനസ് വിഷമിച്ച ഓരോ സമയത്തും അതിനെയെല്ലാം നിയന്ത്രിച്ച് ചേട്ടന്റെ ആഗ്രഹപ്രകാരം മുന്നോട്ടുപോകാനായി' - ആർഎൽവി രാമകൃഷ്‌ണൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
എറണാകുളം ശ്രീ നാരായണ കോളേജ് ഓഫ് മെഡിക്കൽ സയൻസിലാണ് ശ്രീലക്ഷ്‌മി എംബിബിഎസ് പഠിച്ചത്. നിലവിൽ ചാലക്കുടിയിലെ വീടായ 'മണികൂടാരത്തിൽ' തന്നെയാണ് മണിയുടെ ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്‌മിയും താമസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |