അതിരപ്പിള്ളി: വെട്ടിക്കുഴിയിൽ കാട്ടാനക്കൂട്ടം വിളവെടുപ്പിന് തയ്യാറായ എണ്ണൂറോളം വാഴകൾ നശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു കാട്ടാനയുടെ വിളയാട്ടം. രണ്ടുകൈ വീരഞ്ചിറ കണ്ണിക്കുളം രവി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന തോട്ടത്തിലാണ് ആനകൾ നാശനഷ്ടം വരുത്തിയത്. അഞ്ഞൂറോളം നേന്ത്രവാഴകളും ബാക്കി റോബസ്റ്റ, പൂവൻ ഇനത്തിൽപെട്ട വാഴകളുമാണ് ചവിട്ടിമെതിച്ചത്. തോട്ടത്തിന് സംരക്ഷണമായി നിർമ്മിച്ചിരുന്ന മതിലും സോളാർ ഫെൻസിംഗും തകർത്താണ് ആന അകത്തുകടന്നത്. നശിച്ച വാഴകളിൽ ഭൂരിഭാഗത്തിനും ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്തത് കർഷകന് വലിയ തിരിച്ചടിയായി.
കണ്ണീരായി രവിയുടെ അദ്ധ്വാനം
65 വയസുകാരനായ രവി തന്റെ 12ാം വയസിൽ തുടങ്ങിയതാണ് കൃഷിപ്പണി. ഭാര്യ ലീലയ്‌ക്കൊപ്പം മണ്ണിൽ അദ്ധ്വാനിച്ചുണ്ടാക്കിയ വിളവാണ് കാട്ടാനകൾ ഇല്ലാതാക്കിയത്. മക്കളില്ലാത്ത ഈ ദമ്പതികളുടെ ഏക ജീവിതമാർഗ്ഗമായിരുന്നു ഈ കൃഷി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വന്യമൃഗശല്യം ഇവരുടെ ജീവിതം ദു:സഹമാക്കുകയാണ്. അടുത്തിടെ മാത്രം എട്ട് തവണയാണ് രവിയുടെ തോട്ടത്തിൽ ആനകൾ കയറിയത്. ഇതിനുമുമ്പ് നാലുതവണ സമാനമായ രീതിയിൽ കൃഷി നശിപ്പിച്ചിരുന്നു.
'പതിറ്റാണ്ടുകളായി മണ്ണിൽ പണിയെടുത്താണ് ജീവിക്കുന്നത്. എന്നാൽ ഇപ്പോൾ ആനയും പന്നിയും കുരങ്ങും കൃഷി അനുവദിക്കുന്നില്ല. ഇതിനുമുൻപും പലതവണ നഷ്ടം സഹിച്ചു, ഇനിയും എന്തുചെയ്യണമെന്നറിയില്ല.രവി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |