SignIn
Kerala Kaumudi Online
Tuesday, 10 March 2026 2.25 AM IST

ഭൂട്ടാൻ കാർ കടത്ത് വർക്ക്‌ഷോപ്പിന്റെ മറവിൽ

Increase Font Size Decrease Font Size Print Page
bhutan
ഭൂട്ടാൻ വാഹനക്കടത്ത്

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ പിടിയിലായ മുഖ്യസൂത്രധാരൻ പശ്ചിമബംഗാൾ ജയ്ഗാവോൻ സ്വദേശിയും പ്രമുഖ ഐ.ടി കമ്പനിയിലെ സീനിയർ എൻജിനിയറുമായ ബിശ്വദീപ് ദാസ് (35) രാജ്യത്തേക്ക് കാറുകൾ കടത്തിയത് സ്വന്തം വർക്ക് ഷോപ്പിന്റെ മറവിൽ. അതിർത്തി ഗ്രാമമായ ജയ്ഗാവോണിലാണ് ബിശ്വദീപിന്റെ വർക്ക്‌ഷോപ്പ്. അറ്റകുറ്റപ്പണിക്കായി വാഹനങ്ങൾ കൊണ്ടുവരുന്ന ഭൂട്ടാൻ സ്വദേശികളുമായി പരിചയം സ്ഥാപിച്ചായിരുന്നു കാർ കടത്തിന്റെ തുടക്കം.

വലിയ ശമ്പളത്തിൽ ജോലിയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് വർഷമായി വാഹനക്കടത്തിലാണ് ഇയാൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. രാജ്യത്തെ പല വാഹന ഏജന്റുമാരായും ബന്ധമുണ്ട്. കൂടുതൽ വാഹനങ്ങൾ രാജ്യത്തേക്ക് ഇയാൾ കടത്തിയിട്ടുണ്ടാകുമെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. 450ലധികം വാഹനം വിറ്റിട്ടുണ്ടെന്നാണ് മൊഴി. എന്നാൽ ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

ഹിമാചലിലും അസാമിലും ഭൂട്ടാൻ കാറുകൾ എത്തിച്ചാണ് വ്യാജ രജിസ്‌ട്രേഷൻ എടുത്തിരുന്നത്. അസാമിൽ മാത്രം 420 വാഹനങ്ങൾക്ക് വ്യാജരേഖ ചമച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഹിമാചലിലും അന്വേഷണം നടക്കുകയാണ്.

തുച്ഛമായ തുകയ്ക്ക് വാങ്ങുന്ന കാറുകൾ മൂന്നിരട്ടി തുകയ്ക്കാണ് ഇയാൾ മറിച്ചുവിറ്റിരുന്നത്. ബിശ്വദീപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. പിന്നാലെ മറ്റ് പ്രതികളായ അസാം ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പട്ടോവരി (57), അയൂബ അലി (35), ജലാൽ മണ്ഡൽ (31), മുസ്തഫ അഹ്‌മദ് (35) എന്നിവരെയും കസ്റ്റഡിയിൽ വാങ്ങും.

കഴിഞ്ഞ മാസം 22ന് 3000 കിലോമീറ്റർ സഞ്ചരിച്ചെത്തിയാണ് മുഖ്യസൂത്രധാരനെയടക്കം കസ്റ്റംസ് പിടികൂടിയത്. അസാമിൽ വ്യാജരേഖ ചമച്ച് 420 വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് ദീപക് പട്ടോവരിയുടെ നേതൃത്വത്തിലാണ്.

 കസ്റ്റംസി​ൽ തുടങ്ങി​ ഇ.ഡി​യി​ലേക്ക്

ഭൂട്ടാനിൽ നിന്ന് തുച്ഛമായ തുകയ്ക്ക് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തുന്ന സംഘം വൻതുകയ്ക്ക് കൈമാറ്റം ചെയ്തെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. കേരളത്തിൽ നടൻ ദുൽഖറിന്റെ മൂന്ന് കാറുകളും അമിത്തിന്റെ ഒരു കാറുമുൾപ്പെടെ 39 വാഹനങ്ങൾ പിടിച്ചെടുത്തു. കള്ളപ്പണ ഇടപാട്, ഇന്ത്യൻ എംബസിയുടെയും മിലിട്ടറിയുടെയും പേരിൽ വ്യാജരേഖ ചമയ്‌ക്കൽ, എം പരിവാഹനിൽ തിരുത്തൽ എന്നിവയും കസ്റ്റംസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ താരങ്ങളുടെ വീടുകളിലടക്കം 17 ഇടത്ത് ഒരേസമയം ഇ.ഡി മിന്നൽ പരിശോധന നടത്തിയിരുന്നു. വിദേശനാണയ വിനിയമ ചട്ടം (ഫെമ) ലംഘിച്ചോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. വൈകാതെ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് ഇ.ഡി നീക്കം.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.