SignIn
Kerala Kaumudi Online
Tuesday, 10 March 2026 12.44 AM IST

വിമർശനങ്ങളിൽ വീഴാതെ നേതൃത്വം സി.പി.എം പട്ടിക അന്തിമം

Increase Font Size Decrease Font Size Print Page
cpm
സി.പി.എം

കണ്ണൂർ: സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്ന വിമർശനങ്ങൾക്കും അണികളുടെ അസ്വസ്ഥതകൾക്കും മുന്നിൽ മുട്ടുമടക്കാൻ തയാറാകാതെ സി.പി.എം നേത‌ൃത്വം. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കുകയും സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥിരീകരിക്കുകയും ചെയ്ത സ്ഥാനാർത്ഥി പട്ടികയ്ക്ക് കണ്ണൂർ ജില്ലാ കമ്മിറ്റിയും കഴിഞ്ഞ ദിവസം പിന്തുണ നൽകി.

മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നിന്ന് മൂന്നാം തവണയും മത്സര രംഗത്തിറങ്ങും. 2016ൽ കൂത്തുപറമ്പിൽ നിന്നും 2021ൽ മട്ടന്നൂരിൽ നിന്നും ജനവിധി തേടിയ കെ.കെ ശൈലജ ഇത്തവണ പേരാവൂരിൽ മത്സരിക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മത്സരിക്കാത്ത തളിപ്പറമ്പ് മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പി.കെ ശ്യാമള ജനവിധി തേടും. കല്യാശ്ശേരിയിൽ എം. വിജിനും അഴീക്കോട് കെ.വി. സുമേഷും ഫണ്ട് തിരിമറി ആരോപണ പശ്ചാത്തലത്തിൽ വിവാദനായകനായ ടി.ഐ മധുസൂദനൻ പയ്യന്നൂരിൽ നിന്നും ഒരിക്കൽ കൂടി മത്സരിക്കും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മട്ടന്നൂരിൽ രംഗത്തിറങ്ങും. സ്പീക്കർ എ.എൻ ഷംസീർ രണ്ടു തവണ പൂർത്തിയാക്കിയ തലശ്ശേരിയിൽ കാരായി രാജൻ ജനവിധി തേടും. ഘടകകക്ഷിയായ എൽ.ജെ.ഡി. കൂത്തുപറമ്പിലും കേരള കോൺഗ്രസ് എം ഇരിക്കൂറിലും മത്സരിക്കും. കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രൻ ഒരിക്കൽ കൂടി ജനവിധി തേടും.


ശൈലജ: തന്ത്രമോ? ഒതുക്കലോ?

60,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ മട്ടന്നൂർ കീഴടക്കിയ ശൈലജയെ ഇത്തവണ ആ മണ്ഡലത്തിൽ നിന്ന് പേരാവൂരിലേക്ക് മാറ്റിയ തീരുമാനം അണികൾക്കിടയിൽ ചർച്ചയാകുന്നുണ്ട്. 2009ലെ മണ്ഡലം പുനർനിർണയത്തിന് ശേഷം പേരാവൂർ ഏതാണ്ട് പൂർണമായും യു.ഡി.എഫ് അനുകൂലമാണ്. ഈ സാഹചര്യത്തിൽ ശൈലജയെ അവിടെ ഇറക്കുന്നത് ബോധപൂർവം പരാജയപ്പെടുത്താനാണെന്ന ആരോപണം ഒരു വിഭാഗം ഉയർത്തുകയാണ്. എന്നാൽ ശൈലജയുടെ ജനകീയ പ്രതിച്ഛായ കണക്കിലെടുത്താണ് പേരാവൂർ സീറ്റ് നൽകിയതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു.


പയ്യന്നൂരിൽ വിമത ഭീഷണി ഉറപ്പ്
ജില്ലയിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്ന പോരാട്ടം പയ്യന്നൂരിലായിരിക്കും. ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ ധനരാജ് ഫണ്ട് ഉൾപ്പെടെ ഗുരുതരമായ ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചത് നിലവിലെ എം.എൽ.എ ടി.ഐ മധുസൂദനനെതിരെ ആയിരുന്നു. ഈ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ കുഞ്ഞികൃഷ്ണനെ പാർട്ടി പുറത്താക്കി. ആരോപണം ഇനിയും കെടാതെ നിൽക്കുകയാണ്.

സെക്രട്ടറിയുടെ ഭാര്യയായാൽ

കുടുംബ രാഷ്ട്രീയത്തിനെതിരെ ഉറക്കെ ശബ്ദിക്കുന്ന ഒരു പാർട്ടി, പാർട്ടി സെക്രട്ടറിയുടെ ഭാര്യക്ക് സീറ്റ് നൽകുന്നതെങ്ങനെ ന്യായീകരിക്കും? ഇതാണ് തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഉടലെടുത്ത പ്രധാന ചോദ്യം.


ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ല
ജില്ലയിൽ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി പട്ടിക ന്യൂനപക്ഷ സമുദായ പ്രാതിനിധ്യം ഇല്ലാത്തതാണ്. തലശ്ശേരിയിൽ നിന്ന് മത്സരിച്ച എ.എൻ ഷംസീർ ഇത്തവണ ഒഴിവാകുകയും പേരാവൂരിൽ നിന്ന് മത്സരിച്ചിരുന്ന സക്കീർ ഹുസൈനെ പിൻവലിക്കുകയും ചെയ്തതോടെ ജില്ലയിൽ ഒരു ന്യൂനപക്ഷ പ്രതിനിധി പോലും ഇല്ലാത്ത അവസ്ഥ. ക്രൈസ്തവ വിഭാഗത്തിൽ നിന്ന് സി.പി.എമ്മിൽ നിന്ന് കണ്ണൂരിൽ ആരും ഇല്ലെങ്കിലും ഇരിക്കൂർ മണ്ഡലത്തിൽ കേരള കോൺഗ്രസ് -എം മത്സരിക്കുന്നത് ആ വിടവ് ഒരു പരിധിവരെ നികത്തുമെന്നാണ് പാർട്ടി വൃത്തങ്ങളുടെ പ്രതീക്ഷ.

TAGS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.