കൊല്ലം: ഭാര്യയുടെ വെളിപ്പെടുത്തലിനു പിന്നാലെ മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ പത്തനാപുരത്തെ വസതിയിലേക്ക് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തി.
പത്തനാപുരം ടൗണിൽ നിന്നാരംഭിച്ച കോൺഗ്രസ് മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസുമായി വാക്കേറ്റമുണ്ടായി. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കെ.പി.സി.സി അംഗം സി.ആർ. നജീബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് യദുകൃഷ്ണൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ, കോൺഗ്രസ് നേതാക്കളായ സാജുഖാൻ, നവാസ് ഖാൻ, മുഹമ്മദ് അബി, എസ്. ഹക്കിം, ശേഖ് പരീത്, പള്ളിത്തോപ്പിൽ ഷിബു എന്നിവർ നേതൃത്വം നൽകി.
സന്ധ്യയ്ക്ക് പത്തനാപുരം ടൗണിൽ നിന്നാരംഭിച്ച ബി.ജെ.പി മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ കാൽ മണിക്കൂറോളം ഉന്തും തള്ളുമുണ്ടായി. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ സുഭാഷ് പട്ടാഴി, ബാഹുലേയൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ആലഞ്ചേരി ജയചന്ദ്രൻ, എ.ആർ. അരുൺ, മണ്ഡലം ഭാരവാഹികളായ ഗിരീഷ് ഇളമ്പൽ, സാംബൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് അർച്ചന തുടങ്ങിയവർ നേതൃത്വം നൽകി.
ട്രാൻ. ബസിൽ ബാനർ കെട്ടി
കെ.എസ്.യു പ്രതിഷേധം
കെ.എസ്.ആർ.ടി.സി ബസിൽ മന്ത്രി ഗണേശ് കുമാറിനെതിരായ ബാനർ കെട്ടി കെ.എസ്.യു പത്തനാപുരത്ത് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |