
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി സുധാകരൻ. എന്നാൽ, പാർട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ലെന്നും ആരുടെയും പിന്തുണയ്‌ക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്നെപ്പറ്റി പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു പ്രതിപക്ഷ പാർട്ടിയുമായും ഞാൻ സംസാരിച്ചിട്ടില്ല. 15-ാം വയസിൽ ഞാൻ പാർട്ടിയിൽ ചേർന്നതാണ്. 2002 വരെ ഞാൻ പൂർണസമയ പ്രവർത്തകനായിരുന്നു. ആരും നിർബന്ധിച്ചിട്ടല്ല ഞാൻ പാർട്ടിയിൽ ചേർന്നത്. ഇപ്പോൾ ഞാൻ മെമ്പർഷിപ്പ് പുതുക്കിയില്ല. അതും ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടിക്കുവേണ്ടി ജീവിച്ചയാളാണ് ഞാൻ. അതുകൊണ്ട് പാർട്ടിയെ അധിക്ഷേപിക്കില്ല. പാർട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ല.
പാർട്ടിയിലെ പലരും എന്നെപ്പറ്റി പലതും പറയുന്നുണ്ട്. എന്റെ അച്ഛനെപ്പറ്റിപ്പോലും പറഞ്ഞു. ആയിരക്കണക്കിന് കുട്ടികൾക്ക് വിദ്യ പകർന്നുനൽകിയ വ്യക്തിയാണ് അദ്ദേഹം. ഞാൻ എന്റെ ബന്ധുക്കൾക്കുവേണ്ടി ഒന്നും ചെയ്‌തിട്ടില്ല. സാധാരണ ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിച്ചത്. ആയിരക്കണക്കിന് യുവാക്കൾക്ക് ജോലി നൽകി. അങ്ങനെയൊരാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയാണോ? ഇനിയും അത് തുടർന്നാൽ മാന്യമായി തിരിച്ചടിക്കും. പാർട്ടിക്കുവേണ്ടി ജയിലിൽക്കിടന്നു. ഒരുപാട് മർദനമേറ്റിട്ടുണ്ട്. അല്ലാതെ റോസാപ്പൂ വിരിച്ച പാതയിലൂടെയല്ല നടന്ന് ഇതുവരെയെത്തിയത്.
വിമർശനങ്ങൾക്ക് കീഴടങ്ങില്ല. പാർട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. എംഎൽഎയും മന്ത്രിയുമായി, ഇനി എന്താ അയാൾക്ക് വേണ്ടതെന്നാണ് ചിലർ ചോദിക്കുന്നത്. അത് കമ്മ്യൂണിസ്റ്റ് രീതിയല്ല. മരിക്കുന്നതുവരെ ലെനിൻ റഷ്യയിലെ ഭരണാധികാരിയായിരുന്നു. മാവോയും കാസ്‌ട്രോയും അധികാരത്തിലിരുന്നു. അവരോട് താഴെയിറങ്ങാൻ പറയുമോ?
അമ്പലപ്പുഴ ഭൂരിപക്ഷം കുറഞ്ഞതിന് എനിക്കെതിരെ എളമരം കരീം അന്വേഷണം നടത്തി. 25 പേജിൽ ഞാൻ കാര്യം വിശദീകരിച്ചു. അവർ വായിച്ച് നോക്കിയില്ല. കരീമിന്റെ റിപ്പോർട്ടിൽ എന്റെ വാദങ്ങൾ ചേർത്തില്ല. സംസ്ഥാന കമ്മിറ്റിയിൽ, ആലപ്പുഴ ജില്ലയിലെ അംഗങ്ങൾ ഒഴികെയുള്ളവർ ആരും എന്നെ പിന്തുണച്ചില്ല. മറ്റുള്ളവർ നിശബ്‌ദരായിരുന്നു. അവർക്ക് കാര്യങ്ങൾ അറിയാം. എന്തടിസ്ഥാനത്തിലാണ് കരീം റിപ്പോർട്ട് എഴുതിയത്. കള്ള റിപ്പോർട്ടല്ലേ അത്?
അമ്പലപ്പുഴയിൽ ഞാൻ സ്വന്ത്രനായി മത്സരിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പിൽ ഒന്നും പറയില്ല. ഒരിടത്തും പ്രസംഗിക്കാനുമില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. പിന്തുണയുമായി ആരും വന്നിട്ടില്ല. ഇനി പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയിരിക്കും' - ജി സുധാകരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |