SignIn
Kerala Kaumudi Online
Friday, 24 April 2026 9.56 PM IST

ഗ്യാസ് കിട്ടാനില്ല; ഹോട്ടലുകളിൽ 'കട്ടപ്പുക'

Increase Font Size Decrease Font Size Print Page
d

കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടർ കിട്ടാക്കനിയായതോടെ ജില്ലയിലെ 70ശതമാനത്തിലേറെ ഹോട്ടലുകളും താത്കാലികമായി താഴിട്ടു. പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ പകുതിയും വിഭവങ്ങൾ കുറച്ച് വിറകടുപ്പിലേക്ക് മാറി. മറ്റ് ചില ഹോട്ടലുകൾ ഭാഗികമായി മാത്രമാണ് തുറക്കുന്നത്. ചിലയിടത്ത് പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും മാത്രം. മറ്റുചിലയിടത്ത് ഉച്ചഭക്ഷണം മാത്രം. സ്ഥിതി തുടർന്നാൽ രണ്ടു ദിവസത്തിനുള്ളിൽ ഹോട്ടലുകൾക്ക് പൂർണമായും താഴ് വീഴും.

കാറ്ററിംഗ് സർവീസുകളും വൻപ്രതിസന്ധിയിലായി. നേരത്തെ ബുക്ക് ചെയ്ത പല ഓർഡറുകളും റദ്ദാക്കി. ചില സ്ഥാപനങ്ങൾ മെനു വെട്ടിക്കുറച്ച് ഓർഡറുകൾ തിരുത്തി. വിവാഹ റിസപ്ഷനുകളുൾപ്പെടെയുള്ള ചടങ്ങുകൾ ഏറ്റിരുന്നവർക്കാണ് വലിയ വെല്ലുവിളി. സിലിണ്ടറുകൾ സ്റ്റോക്ക് ഉണ്ടായിരുന്ന വൻകിടകാറ്ററിംഗ് സ്ഥാപനങ്ങളിൽ കാര്യമായ വെല്ലുവിളിയില്ല.

വിറക് അടുപ്പിലേക്ക് മാറി സമൃദ്ധി

തുച്ഛമായ തുകയിൽ നൂറ് കണക്കിനാളുകളുടെ വിശപ്പകറ്റുന്ന എറണാകുളം നോർത്തിലെ സമൃദ്ധിയിലെ പാചകം വിറകടുപ്പിലേക്ക് മാറി. നാലു ദിവസത്തേക്ക് മാത്രം പത്ത് ടൺ വിറകാണ് ഇന്നലെയെത്തിച്ചത്. ചൈനീസ് ഉൾപ്പെടെയുള്ള വിഭവങ്ങൾ നിറുത്തി. ഏഴോളമുണ്ടായിരുന്ന ചിക്കൻ വിഭവങ്ങളും ബീഫ് ഇനങ്ങളും ഒരെണ്ണമാക്കി. ഉച്ചയൂണ് മാത്രമാണിവിടെയുള്ളത്. പൊതിച്ചോറും നിറുത്തി. ഹോട്ടലുകളും മെസുകളും അടച്ചതോടെ സമൃദ്ധിയിലേക്കെത്തുന്നവരുടെ എണ്ണവുമേറി. വിഭവങ്ങൾ കുറച്ച് ആവശ്യക്കാർക്ക് ഭക്ഷണം നൽകാനാണ് സമൃദ്ധിക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

മേയർ വി.കെ.മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ ആന്റണി പൈനുതറ, കൗൺസിലർമാരായ എം.ജി. അരിസ്റ്റോട്ടിൽ, അഗസ്റ്റിൻ സെബ്യാസ്റ്റൻ എന്നിവർ സമൃദ്ധി സന്ദർശിച്ചു.

ടൂറിസം മേഖലയും പ്രതിസന്ധിയിൽ

സിലിണ്ടർ കിട്ടാക്കനിയായത് ജില്ലയിലെ ടൂറിസം മേഖലയേയും സാരമായി ബാധിച്ചു. പലയിടങ്ങളിലെയും ഹോട്ടലുകളിൽ വിനോദ സഞ്ചാരികളുടെ ബുക്കിംഗ് കുത്തനെ കുറഞ്ഞു. ബുക്ക് ചെയ്ത പലരും യാത്ര തന്നെ റദ്ദാക്കി. വിഭവങ്ങൾ കുറച്ചുവെന്നുള്ള അറിയിപ്പ് ഹോട്ടലുകളിൽ നിന്ന് ലഭിച്ചതോടെയാണിത്. നാലോ അഞ്ചോ ദിവസങ്ങളിലേക്ക് കൊച്ചിയിലെത്തിയ വിനോദ സഞ്ചാരികൾ യാത്ര വെട്ടിച്ചുരുക്കി മടങ്ങുന്നുമുണ്ട്.

ഫോർട്ട്‌കൊച്ചി- മട്ടാഞ്ചേരി, തട്ടേക്കാട്, കടമക്കുടി, മറൈൻഡ്രൈവ്, ചെറായി, ഭൂതത്താൻകെട്ട്, കുട്ടമ്പുഴ, മലയാറ്റൂർ, കുമ്പളങ്ങി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകൾ, നാടൻ ഭക്ഷണ ശാലകൾ, റിസോർട്ടുകൾ എന്നിവയെല്ലാം സിലിണ്ടർ ക്ഷാമത്തിൽപ്പെട്ടു.


ടൂറിസം രംഗം പ്രതിസന്ധിയിലായി. റിസോർട്ടുകളടക്കം പൂട്ടേണ്ടി വരും. മാർച്ച് അവസാനം മുതൽ സീസണാണ്. വലിയ നഷ്ടം നേരിടും.
ജോസ് പ്രദീപ്
പ്രസിഡന്റ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി

സമൃദ്ധിയിൽ ഭക്ഷണ ലഭ്യത ഉറപ്പാക്കും. വിറകടുപ്പുപയോഗിച്ച് പരമാവധി പേർക്ക് ഭക്ഷണം നൽകും. പ്രതിസന്ധി തീരുംവരെ നോർത്തിലെ സമൃദ്ധിയിൽ ഭക്ഷണം തയാറാക്കി മറ്റ് ഔട്ട്‌ലെറ്റിലേക്ക് എത്തിക്കും.
അഡ്വ.വി.കെ.മിനിമോൾ
മേയർ

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.