കിഴക്കമ്പലം: തേക്കടി-എറണാകുളം സംസ്ഥാന പാതയിലെ നെല്ലാട് - കിഴക്കമ്പലം റോഡിൽ മഞ്ചനാട് പാലം മുതൽ ഏകദേശം 500 മീറ്റർ കിഴക്കോട്ട് അശാസ്ത്രീയമായി റോഡ് ഉയർത്തി നിർമ്മാണം നടത്തിയതിനെ തുടർന്ന് അപകടങ്ങൾ പതിവാകുന്നു. ഇന്നലെ രാത്രിയും ഇവിടെ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്നതിനാൽ നാട്ടുകാർ ആശങ്കയിലാണ്.
റോഡ് അശാസ്ത്രീയമായി ഉയർത്തിയതോടെ ഈ ഭാഗത്ത് രണ്ട് വലിയ വാഹനങ്ങൾ തമ്മിൽ കടന്നുപോകാൻ പോലും പ്രയാസമാണ്. റോഡിന്റെ ഒരു വശത്ത് കനാൽ വെള്ളം ഒഴുകുന്ന ഓടയും മറുവശത്ത് സ്ലാബില്ലാത്ത ആഴമേറിയ ഓടയും ഉള്ളതിനാൽ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യമാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം മുപ്പതിലധികം അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. പലപ്പോഴും ബൈക്കുകളും കാറുകളും നിയന്ത്രണം വിട്ട് ഓടയിലേക്ക് പതിക്കാനുള്ള സാഹചര്യവുമുണ്ട്.
കഴിഞ്ഞ ആഴ്ച മഞ്ചനാട് ക്ഷേത്രത്തിൽ നടന്ന ഉത്സവ വേളയിൽ നൂറുകണക്കിന് ആളുകൾ ഈ അപകടഭീഷണി നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കേണ്ടി വന്നതും വലിയ ആശങ്കയുണ്ടാക്കിയതായി പ്രദേശവാസികൾ പറഞ്ഞു.
പരാതിക്ക് പുല്ലുവില
തിരക്ക് കൂടിയ സമയങ്ങളിൽ ഇവിടെ ഗതാഗത നിയന്ത്രണ സംവിധാനമോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇതിന് സ്ഥിരപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പുവെച്ച ഭീമഹർജി മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുമന്ത്രിക്കും പ്രദേശത്തെ പി.വി. ശ്രീനിജിൻ എം.എൽ.എയ്ക്കും സമർപ്പിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നതാണ് നാട്ടുകാരുടെ പരാതി.
റോഡിന്റെ ഉയരം ക്രമീകരിക്കുക
ഓടകൾക്ക് മുകളിൽ സുരക്ഷാ സ്ലാബുകൾ സ്ഥാപിക്കുക
മുന്നറിയിപ്പ് ബോർഡുകളും വേഗനിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തുക
പൊതുമരാമത്ത് വകുപ്പ് ഉടൻ ഇടപെട്ടില്ലെങ്കിൽ വലിയ ദുരന്തം സംഭവിക്കും
സി.കെ. വിനോദ് കുമാർ, പൊതുപ്രവർത്തകൻ, നെല്ലാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |