
കോട്ടയം : പ്രചാരണത്തിന് മൂന്നാഴ്ചയിൽ താഴെ മാത്രമുള്ളതിനാൽ മണ്ഡലത്തിന്റെ എല്ലാ മേഖലയിലുമെത്താൻ സ്ഥാനാർത്ഥികൾ ഓട്ട പ്രദക്ഷിണത്തിലാണ്. പത്രികാ സമർപ്പണത്തിന് ഒരുദിവസം മാത്രം ശേഷിക്കെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ഡോ.എൻ.ജയരാജ്, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാണി സി.കാപ്പൻ, കെ.അജിത്ത്, ഷോൺ ജോർജ്, പി.പ്രദീപ്, എന്നിവർ ഇന്നലെ പത്രിക നൽകി. അമ്മ മറിയാമ്മയ്ക്കൊപ്പം പുതുപ്പള്ളി പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പത്രിക വച്ച് ചാണ്ടി ഉമ്മൻ പ്രാർത്ഥിച്ചു. തുടർന്ന് തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രിക നൽകാനെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹൃദ്രോഗത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ ഭാര്യ സിന്ധുവായിരുന്നു കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.
കേന്ദ്ര മന്ത്രി ജോർജ് കുര്യനും മറ്റു സ്ഥാനാർത്ഥികളും മണ്ഡലത്തിലെ പ്രമുഖ ആരാധനാലയങ്ങൾ സന്ദർശിച്ച ശേഷം നിരവധി പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രിക നൽകാനെത്തിയത്. മന്ത്രി വി.എൻ.വാസവൻ, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പി.സി ജോർജ്, അഡ്വ.കെ.അനിൽകുമാർ, നാട്ടകം സുരേഷ്, കെ.എം.രാധാകൃഷ്ണൻ, എൻ.ഹരി, പി.അനിൽകുമാർ, നിർമ്മല ജിമ്മി, തുടങ്ങിയവർ നാളെ പത്രിക നൽകും.
ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ റോഡ് ഷോ ഇന്നലെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിച്ചു.
ഇളക്കി മറിച്ച് മണ്ഡലം കൺവെൻഷൻ
കോട്ടയം, പുതുപ്പള്ളി യു.ഡി.എഫ് സ്ഥാനാർത്ഥികളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരുടെ കൺവെൻഷനുകൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെയും, പാലായിൽ മാണി സി.കാപ്പന്റെയും കൺവെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളിയിലെ എൻ.ഡി.എ കൺവെൻഷൻ ബി.ഡിജെ.എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു
പാലായിലും ചങ്ങനാശേരിയിലും ഇടതുസ്ഥാനാർത്ഥികളായ ജോസ് കെ മാണി , ജോബ് മൈക്കിൾ എന്നിവരുടെ കൺവെൻഷനുകൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എൽ.ഡി.എഫ് കൺവെൻഷനുകൾ ഇന്ന് നടക്കും.
25 ന് പിണറായി എത്തും
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ഡോ.എൻ ജയരാജ്, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം 25 ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലുള്ള തോംസൺ സ്റ്റേഡിയത്തിൽ നടക്കുന്ന യോഗത്തിൽ പിണറായി വിജയൻ പ്രസംഗിക്കും. സി.പി.എം സ്ഥാനാർത്ഥികളായ വി.എൻ.വാസവൻ, കെ.അനിൽകുമാർ, കെ.എം രാധാകൃഷ്ണൻ എന്നിവർ പഞ്ചായത്ത് കൺവെൻഷനുകളിലേക്ക് കടന്നു. സ്ഥാനാർത്ഥികൾ ഭവന സന്ദർശനവും തുടങ്ങി.
പുതുപ്പള്ളിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി
പുതുപ്പള്ളി മണ്ഡലത്തിൽ അവസാനം ബി.ജെപിയ്ക്ക് സ്ഥാനാർത്ഥിയായി. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള രവീന്ദ്രനാഥ് വാകത്താനമാണ് മത്സരരംഗത്ത്. ഇതോടെ പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥി പട്ടികയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |