റാന്നി: കാറും ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 6.30ന് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ തോട്ടമൺ വളവിലായിരുന്നു അപകടം. കോന്നി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കമ്പത്തുള്ള ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോവുകയായിരുന്നു ജസ്നയും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. തോട്ടമൺ വളവിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിന്റെ മദ്ധ്യഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ കോഴി കയറ്റി വന്ന പിക്കപ്പ് വാഹനം കാറിന്റെ പിൻഭാഗത്ത് ശക്തമായി ഇടിച്ചതോടെ, കാർ ബസിനടിയിലേക്ക് കൂടുതൽ ആഴത്തിൽ ഇടിച്ചു കയറി. വശം ചരിഞ്ഞുള്ള ഇടിയായതിനാൽ വലിയൊരു ദുരന്തം ഒഴിവായെങ്കിലും കാറിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. അപകടമുണ്ടായ ഉടനെ പ്രദീപ് കുഴികാല എന്ന ആട്ടോ ഡ്രൈവർ പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെ പിൻ ചക്രങ്ങൾക്ക് സ്ഥാനചലനം സംഭവിച്ചു. ഏറെ നേരം ഗതാഗത തടസം ഉണ്ടായി.റാന്നി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |