
2008ലെ ആദ്യ സീസൺ ഐ.പി.എൽ മുതൽ ആരാധകരുടെ ഇഷ്ടടീമുകളിലൊന്നാണ് കിംഗ്സ് ഇലവൻ പഞ്ചാബായി തുടങ്ങിപഞ്ചാബ് കിംഗ്സായി മാറിയ പ്രീതി സിന്റയുടെ സംഘം. ഇതുവരെ കപ്പ് നേടിയിട്ടില്ലെങ്കിലും ആരാധകർക്ക് പഞ്ചാബിന്റെ ചെങ്കുപ്പായക്കാരോടുള്ള ഇഷ്ടത്തിന് കുറവൊന്നുമില്ല. 2024ൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്സിനെ ചാമ്പ്യന്മാ രാക്കിയ നായകൻ ശ്രേയസ് അയ്യരെ ക്യാപ്ടനായി എത്തിച്ച കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയ പഞ്ചാബിന്റെ രാജാക്കന്മാർക്ക് പക്ഷേ ആർ.സി.ബിയുടെ കിരീടധാരണം കണ്ടുനിൽക്കേണ്ടിവന്നു. ഇക്കുറിയെങ്കിലും കിരീടമുയർത്താനുള്ള പഞ്ച് പ്രീതിയുടെ പഞ്ചാബിനുണ്ടോ എന്നാണ് ആരാധകർക്കറിയേണ്ടത്.
18 സീസണുകൾ നീണ്ട യാത്രയിൽ പഞ്ചാബ് പ്ളേ ഓഫിലെത്തിയത് രണ്ട് തവണ മാത്രമാണ്. 2014ൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി പ്ളേഓഫിലെത്തുകയും ഫൈനലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനോട് തോൽക്കുകയും ചെയ്തു. പിന്നീട് പ്ളേഓഫ് കാണുന്നത് 2025ലാണ്.
കടിഞ്ഞാൺ
അയ്യരുടെ കയ്യിൽ
കഴിഞ്ഞ സീസണിൽ ക്യാപ്ടനായെത്തിയ ശ്രേയസ് അയ്യർ നായകന്റെ ഉത്തരവാദിത്വം പുറത്തെടുത്താണ് ടീമിനെ ഫൈനലിലെത്തിച്ചത്. 17മത്സരങ്ങളിൽ നിന്ന് 50.33 ശരാശരിയിൽ 604 റൺസാണ് ശ്രേയസ് നേടിയത്. ആറ് അർദ്ധ സെഞ്ച്വറികളും 39 സിക്സുകളുമായി ശ്രേയസ് ലീഗിലെ റൺവേട്ടക്കാരിൽ ആറാമനായി. നായകനെന്ന നിലയിലും ശ്രേയസിന്റേത് മികച്ച തീരുമാനങ്ങളായിരുന്നു.ആർ.സി.ബിക്ക് എതിരായ ഫൈനലിൽ ശ്രേയസ് അയ്യരെ നേരിട്ട രണ്ടാമത്തെ പന്തിൽ പുറത്താക്കാൻ കഴിഞ്ഞതാണ് ആർ.സി.ബിയുടെ ആറുറൺസ് വിജയത്തിന് കാരണം.
കാര്യമായ
മാറ്റങ്ങളില്ലാതെ
താരലേലത്തിന് മുമ്പ് 21 കളിക്കാരെ നിലനിറുത്തിയ പഞ്ചാബ് കിംഗ്സ് കഴിഞ്ഞ സീസണിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഇത്തവണ ഇറങ്ങുന്നത്. ഓസീസ് ഇടംകയ്യൻ പേസ് ബൗളർ ബെൻ ദെർവാഷുയിസ്,ഓസീസ് ബാറ്റിംഗ് ആൾറൗണ്ടർ കൂപ്പർ കൊനോലി എന്നിവരാണ് ഈ സീസണിൽ ടീമിലെത്തിയ പ്രധാന താരങ്ങൾ.
ശ്രേയസിനെക്കൂടാതെ പ്രിയാംശ് ആര്യ,പ്രഭ്സിമ്രാൻ സിംഗ്, ശശാങ്ക് സിംഗ്, നെഹാൽ വധേര തുടങ്ങിയവരാണ് പഞ്ചാബിന്റെ ബാറ്റിംഗ് നിരയിലെ പ്രമുഖർ. ആൾറൗണ്ടർമാരാണ് ടീമിന്റെ കരുത്ത്.മാർക്കസ് സ്റ്റോയ്നിസ്, അസ്മത്തുള്ള ഒമർസായ്,മാർക്കോ യാൻസൻ എന്നീ വിദേശതാരങ്ങളാണ് ആൾറൗണ്ടർമാരായുള്ളത്. ട്വന്റി-20 ഫോർമാറ്റിലെ മികച്ച ഡെത്ത് ബൗളർമാരിലൊരാളായ അർഷ്ദീപ് സിംഗാണ് പഞ്ചാബിന്റെ ബൗളിംഗ് കുന്തമുന. ലോക്കീ ഫെർഗൂസനും ഹർപ്രീത് ബ്രാറുമാണ് പേസ് നിരയിലെ മറ്റ് പ്രമുഖർ. കരിയറിലും ജീവിതത്തിലും പുതിയ തുടക്കത്തിന് ശ്രമിക്കുന്ന യുസ‌്‌വേന്ദ്ര ചഹലാണ് സ്പിൻ ബൗളിംഗിലെ കേന്ദ്രബിന്ദു.
മലയാളിത്തിളക്കമായി
വിഷ്ണു വിനോദ്
വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദാണ് ടീമിലെ മലയാളി സാന്നിദ്ധ്യം. മുംബയ് ഇന്ത്യൻസ്,ആർ.സി.ബി, ഡൽഹി ക്യാപ്പിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളിലുണ്ടായിരുന്ന താരമാണ് വിഷ്ണു. കേരളത്തിനായി അവസാനം കളിച്ച രഞ്ജി മത്സരത്തിൽ ഗോവയ്ക്ക് എതിരെ സെഞ്ച്വറി നേടിയിരുന്നു.
സ്ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്ടൻ),പ്രിയാംശ് ആര്യ,പൈല അവിനാഷ്,ഹർനൂർ സിംഗ്, പ്രഭ്സിമ്രാൻ സിംഗ്,വിഷ്ണു വിനോദ്, നെഹാൽ വധേര, അസ്മത്തുള്ള ഒമർസായ്, കൂപ്പർ കൊനോലി, മാർക്കോ യാൻസൻ,മുഷീർ ഖാൻ,മിച്ചൽ ഓവൻ,ശശാങ്ക് സിംഗ്,മാർക്കസ് സ്റ്റോയ്നിസ്, സൂര്യാംശ് ഷെഡ്ജെ,അർഷ്ദീപ് സിംഗ്, സേവ്യർ ബാലെറ്റ്,യുസ്‌വേന്ദ്ര ചഹൽ,പ്രവീൺ ദുബെ,
ബെൻ ദെർവാഷുയിസ്, ലോക്കീ ഫെർഗൂസൻ, ഹർപ്രീത് ബ്രാർ,വിഷാൽ നിഷാദ്, വിജയകുമാർ വിശാഖ്, യഷ് താക്കൂർ.
ആദ്യ മത്സരം
മാർച്ച് 31 , Vs ഗുജറാത്ത് ജയന്റ്സ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |