
കോട്ടയം: ഒറ്റയ്ക്കും കൂട്ടമായും സ്ഥാനാർത്ഥികളുടെ പ്രവാഹം. മെഴുകുതിരി കത്തിച്ചും പൂക്കളർപ്പിച്ചും നേതാക്കളടക്കമുള്ളവർ. നോമിനേഷൻ കൊടുക്കും മുമ്പ് പുതുപ്പള്ളി പള്ളിമുറ്റത്തെ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കരികിൽ സ്ഥാനാർത്ഥികൾ നിറയുകയാണ്. ഉമ്മൻചാണ്ടിയില്ലാത്ത ആദ്യ നിയമസഭ തിരഞ്ഞെടുപ്പ്. പക്ഷേ,പുതുപ്പള്ളിയിലെ പതിവ് തിരഞ്ഞെടുപ്പ് തിരക്കിന് കുറവില്ല.
മുമ്പ് ഉമ്മൻചാണ്ടിയുടെ കരോട്ടുവള്ളക്കാലിലെ കുടുംബവീട്ടിലായിരുന്നു തിരക്കെങ്കിൽ ഇപ്പോഴത് പള്ളിമുറ്റത്തെ ഉമ്മൻചാണ്ടി നിത്യനിദ്രപൂകുന്ന കല്ലറയ്ക്കരികിലാണ്. വീട്ടിലെത്തിയിരുന്ന പഴയ സഹപ്രവർത്തകർ,സഹോദരങ്ങൾ,സ്നേഹിതർ,എണ്ണമറ്റ അണികൾ. അന്ന് ഞായറാഴ്ചകളിൽ മുടങ്ങാതെ പള്ളിയിൽ കുർബാനകൂടാൻ ഉമ്മൻചാണ്ടിയെത്തുമ്പോൾ കാണാൻ കാത്തിരുന്നവർ ഇന്ന് കല്ലറയ്ക്ക് മുന്നിൽ തിരികൊളുത്തി മടങ്ങുന്നു.
ജീവിച്ചിരുന്നതിനേക്കാൾ ശക്തനാണ് വിടപറഞ്ഞ ഉമ്മൻചാണ്ടിയെന്ന് തെളിയിക്കുന്ന കാഴ്ചകൾ. സീറ്റ് ആഗ്രഹിച്ചവർ,സീറ്റ് ലഭിച്ചവർ,മുന്നണിയിലുള്ളവർ. കല്ലറയുടെ മുന്നിലെത്തുന്നവർ നിരവധി. വടക്കും തെക്കും മദ്ധ്യകേരളത്തിലും മത്സരിക്കാനൊരുങ്ങുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ ഏറെപ്പേരും കല്ലറയിൽ തിരികൊളുത്തി ഉമ്മൻചാണ്ടിയെന്ന ഊർജ്ജവും പേറിയാണ് കളത്തിലിറങ്ങുന്നത്.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ മുഴുവൻ സ്ഥാനാർത്ഥികളും കഴിഞ്ഞ ദിവസം കൂട്ടമായെത്തി പ്രാർത്ഥിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസിലെ ഉറ്റശിഷ്യൻ പി.സി.വിഷ്ണുനാഥും വന്നു. സ്ഥാനാർത്ഥിപ്പടകൾക്കെല്ലാം സ്വീകരണമൊരുക്കുന്നത് ചാണ്ടി ഉമ്മനും പുതുപ്പള്ളിയിലെ കോൺഗ്രസുകാരുമാണ്. പ്രചാരണത്തിരക്കിലും ചാണ്ടി ഉമ്മൻ ഇതിന് സമയം കണ്ടെത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |