
ചൂടേറിയ വിഷയത്തിൽ രാഷ്ട്രീയപ്പോര് മുറുകുന്നു
ആലുവ: ആലുവ മാർക്കറ്റ് സമുച്ചയ നിർമ്മാണം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ചർച്ചാവിഷയമാക്കി മുന്നണികൾ. സംസ്ഥാന രാഷ്ട്രീയത്തിനൊപ്പം പ്രാദേശിക വിഷയമെന്ന നിലയിൽ മാർക്കറ്റ് നിർമ്മാണത്തിലെ കാലതാമസമാണ് ചർച്ചയാകുന്നത്. കഴിഞ്ഞ മേയ് 27നാണ് മുഖ്യമന്ത്രി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായി 50 കോടി രൂപ ചെലവിൽ 11 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതാണ് വിവാദങ്ങൾക്ക് കാരണമായത്.
ബി.ജെ.പിയുടെ ഇടപെടൽ
നിർമ്മാണം വൈകുന്നതിനെതിരെ ആദ്യം രംഗത്തെത്തിയത് ബി.ജെ.പിയാണ്. കേന്ദ്ര ഫിഷറീസ് വകുപ്പ് 30 കോടി രൂപ നൽകുന്ന പദ്ധതിയുടെ നിർമ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ജോർജ് കുര്യന് ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ എം.എ.ബ്രഹ്മരാജിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു. വിഷയത്തിൽ അടിയന്തര നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തു.
എൽ.ഡി.എഫ് നിലപാട്
എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് എം.പി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചത്. മാർക്കറ്റിൽ വ്യാപാരികളും ജനങ്ങളും നേരിടുന്ന ദുരവസ്ഥ നേരിട്ട് ബോദ്ധ്യപ്പെട്ടെന്നും താൻ വിജയിച്ചാൽ മാർക്കറ്റ് നിർമ്മാണത്തിന് മുൻഗണന നൽകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. മാർക്കറ്റിന്റെ ദൃശ്യങ്ങൾ സഹിതമായിരുന്നു വീഡിയോ.
യു.ഡി.എഫിന്റെ മറുപടി
എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീഡിയോയ്ക്ക് പരിഹാസവുമായാണ് യു.ഡി.എഫ് രംഗത്തെത്തിയത്. നിർമ്മാണം ആരംഭിച്ച മാർക്കറ്റ് സമുച്ചയം താൻ വന്നാൽ നിർമ്മിക്കുമെന്ന് പറയുന്നത് വൈരുദ്ധ്യമാണെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി. 50 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാകുന്നത് ജനങ്ങളുടെ സ്വപ്നമാണെന്ന് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗവും യു.ഡി.എഫ് പുറത്തുവിട്ടു.
പദ്ധതിയുടെ നിർമ്മാണോദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അൻവർ സാദത്തിനെതിരെ നടത്തിയ പരാമർശങ്ങളും യു.ഡി.എഫ് പ്രചാരണത്തിന് ആയുധമാക്കുന്നുണ്ട്.
വൈകിപ്പിക്കുന്നതിന്റെ കാരണം വ്യക്തമല്ല
നിർമ്മാണം വൈകിപ്പിക്കുന്നത് ഊരാളുങ്കലാണ്. പൈലിംഗിനെ തുടർന്ന് സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് പി.ഡബ്ളിയു.ഡി മുഖേന നീക്കാൻ ഒന്നരമാസം മുമ്പ് കരാറായതാണ്. നിർമ്മാണം ഇഴയുന്നതിന്റെ കാരണം വ്യക്തമല്ല.
സൈജി ജോളി
ചെയർപേഴ്സൺ, ആലുവ നഗരസഭ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |