
ആലപ്പുഴ: ഒരു വശത്ത് സി.പി.എം വിട്ട മുതിർന്ന നേതാവ് ജി. സുധാകരൻ, എതിരാളിയായി എൽ.ഡി.എഫിന്റെ എച്ച് സലാം, ഒപ്പം സുധാകരനുള്ള യു.ഡി.എഫ് പിന്തുണയും. അമ്പലപ്പുഴ പാൽപ്പായസം പോലെ തിളച്ച് തൂകുകയാണ് അമ്പലപ്പുഴയിലെ രാഷ്ട്രീയപ്പോര്. ജി. സുധാകരന്റെ സ്വതന്ത്രനായതോടെയുണ്ടായ രാഷ്ട്രീയ ഭൂകമ്പത്തിന്റെ അമ്പരപ്പിലാണ് പുന്നപ്രവയലാർ സമര ഭൂമികകൂടിയായ അമ്പലപ്പുഴ.
മണ്ഡലത്തിൽ തുടർച്ചയായി നാലുതവണ വിജയക്കൊടി പാറിച്ചതാണ് എൽ.ഡി.എഫിന്റെ ശക്തി. എന്നാൽ നാലുപതിറ്റാണ്ട് ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ ചാണക്യനെ എതിരിടേണ്ടിവരുന്നതാണ് എൽ.ഡി.എഫിനുള്ള വെല്ലുവിളി.
മുഖ്യമന്ത്രിയുൾപ്പെടെ മുതിർന്ന സി.പി.എം നേതാക്കളുടെ വിമർശനത്തിന് അതേ നാണയത്തിലുള്ള ജി. സുധാകരന്റെ തിരിച്ചടിയും അമ്പലപ്പുഴയിൽ ചർച്ചയാകുന്നുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞാലും അമ്പലപ്പുഴ ഹോട്ട് സ്‌പോട്ടായിരിക്കുമെന്നുറപ്പ്.
ജനസമ്മതിയും അഴിമതി വിരുദ്ധ പ്രതിച്ഛായയുമാണ് മുൻ മന്ത്രികൂടിയായ ജി. സുധാകരനെ രാഷ്ട്രീയത്തിനതീതമായി സർവസമ്മതനാക്കിയത്. തന്റെ വ്യക്തി പ്രഭാവവും ജനസമ്മതിയുമാണ് സി.പി.എമ്മിനെതിരെ സ്വതന്ത്രനാകാൻ സുധാകരനെ പ്രേരിപ്പിച്ചത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമാണ് സിറ്റിംഗ് എം.എൽ.എയായ എച്ച്. സലാം.
വർഗവഞ്ചകനെന്ന് വിശേഷിപ്പിച്ചാണ് ജി. സുധാകരനെ പാർട്ടി അവഗണിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് മണ്ഡലത്തിലുള്ള സ്വാധീനവും യു.ഡി.എഫിന്റെ പിന്തുണയും അതിജീവിക്കാനുള്ള തന്ത്രങ്ങളാണ് എച്ച്. സലാം പുറത്തെടുക്കുന്നത്. വോട്ടർമാരെക്കണ്ട് വസ്തുതകളും മണ്ഡലത്തിലെ വികസനവും തുടർഭരണത്തിന്റെ ആവശ്യകതയും ബോദ്ധ്യപ്പെടുത്തിയാണ് സലാമിന്റെ വോട്ടുപിടിത്തം. മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും മണ്ഡലത്തിൽ നടത്തുന്ന രാഷ്ട്രീയ വിശദീകരണങ്ങളും സുധാകരഭീഷണിയെ അതിജീവിക്കാൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ.
ദേശീയപാത വികസനം, ലൈഫ് പദ്ധതി, ജനറൽ ആശുപത്രി വികസനം, മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങി പത്തുവർഷം പിണറായി സർക്കാരിന്റെ നേട്ടങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാമ്പ്. മുമ്പ് പാർട്ടിവിട്ടുപോയ ആലപ്പുഴക്കാരി കെ.ആർ. ഗൗരി അമ്മയുൾപ്പെടെയുള്ളവരുടെ ചരിത്രവും വിവാദങ്ങൾ മറികടക്കാൻ കരുത്താകുമെന്നാണ് അവരുടെ വിശ്വാസം.
കോൺഗ്രസിലെ പ്രശ്നം മുതലെടുക്കാൻ ബി.ജെ.പി
ഇടതുമുന്നണിയിലെ പ്രതിസന്ധിയും ജി. സുധാകരനെ പിന്തുണച്ചതിനെ തുടർന്ന് യു.ഡി.എഫിലും കോൺഗ്രസിലുമുണ്ടായ പ്രശ്നങ്ങളും മുതലെടുക്കാനാണ് ബി.ജെ.പി സ്ഥാനാർത്ഥി അരുൺ അനിരുദ്ധന്റെ പോരാട്ടം. ജില്ലയിലെ ബി.ജെ.പിയുടെ യുവമുഖമാണ് അരുൺ. താഴെത്തട്ടിലെ പ്രവർത്തകരുമായുള്ള അടുപ്പവും ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ സ്വാധീനവും വിജയത്തിലേക്ക് വഴിതുറക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും ബി.ജെ.പി രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു. ദേശീയപാത വികസനവും വന്ദേഭാരതുൾപ്പെടെ റെയിൽ ഗതാഗതരംഗത്തെ മാറ്റങ്ങളും മോദി ഗ്യാരന്റിയുമെല്ലാം വോട്ട് വിഹിതം വർദ്ധിപ്പിച്ച് വിജയ തീരമെത്തിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |