തൃശൂർ: കേരള രാഷ്ട്രീയത്തിൽ പ്രഗത്ഭരെ നിയമസഭയിലെത്തിച്ച മണ്ഡലങ്ങൾ തൃശൂരിലുണ്ട്. ഇന്ന് വിസ്മൃതിയിലായവ. തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കിയിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ലീഡറുടെ തട്ടകമെന്ന് അറിയപ്പെടുന്ന മാള. മറ്റൊന്ന് മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ, ലോനപ്പൻ നമ്പാടൻ, കെ.പി.വിശ്വനാഥൻ എന്നിവർ വിജയിച്ചുകയറിയ കൊടകര. പിന്നെയുള്ളത് സി.പി.ഐയുടെ കുത്തകയായ ചേർപ്പ്.
2011ലെ മണ്ഡല പുനർനിർണയത്തിലാണ് പല മണ്ഡലങ്ങളിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടും പേരുകൾ മാറ്റിയും ഇല്ലാതായത്. ഈ മൂന്നു മണ്ഡലങ്ങളടക്കം 14 മണ്ഡലങ്ങൾ ഉണ്ടായിരുന്നത് മണ്ഡല പുനഃക്രമീകരണത്തിൽ 13 ആയി കുറഞ്ഞു. കൊടകര, മാള, ചേർപ്പ് എന്നിവ ഇല്ലാതായപ്പോൾ പുതുക്കാട്, കയ്പമംഗംലം മണ്ഡലങ്ങൾ നിലവിൽ വന്നു.
മാള
കേരള രാഷ്ട്രീയം ഒരിക്കലും മറക്കാത്ത മണ്ഡലമാണ് മാള. കെ.കരുണാകരൻ എന്ന രാഷ്ട്രീയ നേതാവിനെ മാളയുടെ മാണിക്യമായും ലീഡറുമാക്കിയ മണ്ഡലം. 1965 മുതൽ തുടർച്ചയായി 1991 വരെ കെ.കരുണാകരനല്ലാതെ മറ്റാരെയും മാളക്കാർ വിജയിപ്പിച്ചില്ല. 1991ൽ മാളയോട് കരുണാകരൻ വിട പറഞ്ഞപ്പോൾ സി.പി.ഐയിലെ വി.കെ.രാജനെ വിജയിപ്പിച്ചു.
കൊടകര
രാഷ്ട്രീയത്തിലെ അധികായരെ വിജയിപ്പിച്ച ചരിത്രമുള്ള മണ്ഡലമാണ് കൊടകര. പി.എസ്.നമ്പൂതിരി, മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ, ലോനപ്പൻ നമ്പാടൻ, കെ.പി.വിശ്വനാഥൻ, ഇപ്പോൾ മണലൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.രവീന്ദ്രനാഥ് ഉൾപ്പടെയുള്ളവരെ ജയിപ്പിച്ച ചരിത്രത്തിൽ നിന്നാണ് കൊടകര വിസ്മൃതിയിലേക്ക് മറഞ്ഞത്.
ചേർപ്പ്
ചേർപ്പ് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരിക്കൽ പോലും സി.പി.ഐക്ക് പരാജയം ഏൽക്കേണ്ടി വന്നിട്ടില്ല. 1977 മുതൽ 2006 വരെയുള്ള 34 വർഷത്തെ ചരിത്രത്തിൽ നാലു പേർ മാത്രമാണ് ജനപ്രതിനിധികളായി നിയമസഭയിലെത്തിയത്. മൂന്നു തവണ കെ.പി.പ്രഭാകരൻ വിജയിച്ചപ്പോൾ രണ്ട് തവണ വീതം വി.വി.രാഘവനും കെ.പി.രജേന്ദ്രനും വിജയിച്ചു. ഒരു തവണ വി.എസ്.സുനിൽ കുമാറും ജയിച്ചു. ചേർപ്പിലെ ഒരുഭാഗം പുതുക്കാട്ടേക്കും ബാക്കി ഭാഗം നാട്ടികയിലേക്കും ലയിപ്പിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |