
കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രധാന വിഷയങ്ങളിലൊന്നായി ചേലാട് സ്‌പോർട്‌സ് കോപ്ലക്‌സ്. കോതമംഗലത്ത് അടിമുടി മാറ്റങ്ങൾ കൊണ്ടുവരുമായിരുന്ന പദ്ധതി ഇപ്പോൾ സ്തംഭനത്തിലാണ്. 15 വർഷം മുമ്പ് ആദ്യഘട്ട നിർമ്മാണ പ്രവർത്തനം നടന്ന ശേഷമാണ് നിലച്ചത്.
ചേലാട് പോളിടെക്‌നിക്ക് കോളേജിന്റെ ഗ്രൗണ്ടും ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നൽകിയ സ്ഥലവും ഉപയോഗപ്പെടുത്തി സ്‌പോർട്‌സ് കോംപ്ലക്‌സ് നിർമ്മിക്കാനായിരുന്നു പദ്ധതി. എട്ടേക്കറോളം സ്ഥലമാണ് കരുതിവെച്ചത്. പിന്നീട് പോളിടെക്‌നിക്കിനായി കെട്ടിടം നിർമ്മിച്ചതിനാൽ സ്ഥല വിസ്തൃതിയിൽ കുറവുണ്ടായി.
ലക്ഷ്യമിട്ടതുപോലെ പദ്ധതി യാഥാർത്ഥ്യമായിരുന്നെങ്കിൽ പ്രധാനപ്പെട്ട കായിക മാമാങ്കങ്ങൾക്ക് വേദിയായി മാറുമായിരുന്നു. കേരളാ ഫുട്‌ബാൾലീഗും ക്രിക്കറ്റ് ലീഗും പോലുള്ള ടൂർണമെന്റുകൾക്കും ആതിഥ്യമരുളാൻ കോതമംഗലത്തിന് കഴിയുമായിരുന്നു. ആർജ്ജവത്തോടെയുള്ള ഇടപെടലിന്റെ അഭാവവും വിവിധതരത്തിലുള്ള തടസങ്ങളും കാരണം പദ്ധതി വഴിമുട്ടി. ചേലാട്ടിൽ ഇത്തരമൊരു ബൃഹദ് പദ്ധതി വരുന്നതിനോട് താത്പര്യമില്ലാത്ത ചിലർ അട്ടിമറി നീക്കം നടത്തിയതായും ആക്ഷേപമുണ്ട്.
ഇടപെട്ടെന്ന് എൽ.ഡി.എഫ്
അട്ടിമറിച്ചെന്ന് യു.ഡി.എഫ്
പദ്ധതി നടപ്പാക്കാൻ എല്ലാവിധ ഇടപെടൽ നടത്തിയെന്നും കിഫ്ബി ഏറ്റെടുത്തിട്ടുണ്ടെന്നും ആന്റണി ജോൺ എം.എൽ.എ. വ്യക്തമാക്കുമ്പോൾ എം.എൽ.എ.യും എൽ.ഡി.എഫ്. സർക്കാരും ചേർന്ന് പദ്ധതി അട്ടിമറിച്ചുവെന്നാണ് യു.ഡി.എഫിന്റെ ആരോപണം. പദ്ധതിയുടെ തുടക്കം ടി.യു.കുരുവിള കോതമംഗലത്ത് നിന്നുള്ള എം.എൽ.എ. ആയിരുന്നപ്പോഴാണ്. കോടികൾ മുടക്കി ഭൂമി നിരപ്പാക്കലും സംരക്ഷണഭിത്തി നിർമ്മാണവും നടത്തിയിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ അവസാന നാളുകളിൽ രണ്ടാമതൊരിക്കൽകൂടി നിർമ്മാണോദ്ഘാടനം നടത്തി. ഇപ്പോഴത്തെ സർക്കാരിന്റെ കാലത്ത് പദ്ധതി കിഫ്ബി ഏറ്റെടുക്കുകയും കിറ്റ്‌കോയെ മാറ്റി കായിക വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തെ കൺസൾട്ടിംഗ് എജൻസിയായി നിയോഗിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പദ്ധതിയുടെ പുനരുജ്ജീവനം സാദ്ധ്യമായിട്ടില്ല.
കോതമംഗലത്തിന്റെ വികസന കുതിപ്പിന് വഴിതെളിക്കാൻ ചേലാട് സ്‌പോർട്‌സ് കോംപ്ലക്‌സ് പദ്ധതിക്ക് കഴിയും. യു.ഡി.എഫ്.അധികാരത്തിൽ വന്നാൽ ചേലാട് സ്റ്റേഡിയം യാഥാർത്ഥ്യമാക്കും.
ഷിബു തെക്കുംപുറം
യു.ഡി.എഫ്.സ്ഥാനാർത്ഥി
നിരവധി സാങ്കേതിക തടസങ്ങൾ ഉണ്ടായതുമൂലമാണ് പദ്ധതി വൈകിയത്. തടസങ്ങളെല്ലാം നീങ്ങിയിട്ടുണ്ട്. മറ്റ് നടപടികൾ പൂർത്തീകരിച്ച് വൈകാതെ നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കും.
ആന്റണി ജോൺ എം.എൽ.എ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |