ആലുവ: ആലുവ പള്ളാശേരി സഹോദരന്മാരുടെ നാടക ജീവിതത്തിന് അരനൂറ്റാണ്ട് പിന്നിടുന്നു. ഇന്ന് നാടക ദിനത്തിൽ പള്ളാശേരി കുടുംബത്തെ ആലുവക്കാർക്ക് മറക്കാനാകില്ല. ആലുവ സെന്റ് ഡൊമിനിക്ക് പള്ളിക്ക് സമീപം പള്ളാശേരി പരേതരായ പൗലോസ് - ത്രേസ്യ ദമ്പതികളുടെ മക്കളാണ് ജെ.പള്ളാശേരി എന്ന ജോയി പള്ളാശേരിയും അനുജൻ ബാബു പള്ളാശേരിയും. 1976ൽ ആലുവ മൈത്രിയുടെ അമർഷം നാടകത്തിലൂടെയാണ് ഇരുവരും പ്രൊഫഷണൽ നാടകങ്ങളിൽ അരങ്ങേറ്റം കുറിച്ചത്. സേവ്യർ പുൽപ്പാട്ട് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ മൺമറഞ്ഞ സിനിമാ താരം എൻ.എഫ്.വർഗീസായിരുന്നു നായകൻ. പൊലീസ് മർദ്ദനത്തിൽ മരണപ്പെട്ട പൊന്നപ്പനെന്ന കഥാപാത്രത്തെ ജെ.പള്ളാശേരിയും തെരുവ് ബാലൻ അപ്പുവായി ബാബു പള്ളാശേരിയും അഭിനയിച്ചു.
നാടക അഭിനേതാക്കളായിരുന്ന പൗലോസ് - ത്രേസ്യ ദമ്പതികളുടെ മറ്റ് മക്കളായ തോംസൺ (മ്യൂസിക് ഡയറക്ടർ), ജീവൻ (അസോ. ഡയറക്ടർ), സെൻ (സംവിധായകൻ) എന്നിവരും കലാമേഖലയിൽ സജീവമാണ്.
ജെ. പള്ളാശേരി
മൈത്രീ കലാകേന്ദ്രത്തിന് പുറമെ സ്വന്തം നാടക സമിതിയായ ആലുവ പ്രതീക്ഷയിലൂടെയും നാടകനടൻ, രചയിതാവ്, സംവിധായകൻ എന്നീ നിലകളിൽ ജെ.പള്ളാശേരി പ്രവർത്തിച്ചിട്ടുണ്ട്. ജയറാം നായകനായ മുഖചിത്രം എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. 40 സിനിമകൾക്ക് തിരക്കഥയെഴുതി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടി കുട്ടൻ, സാന്ത്വനം എന്നിവയുടെയും തിരക്കഥാകൃത്തായിരുന്നു. ആകാശദൂത്, വാനമ്പാടി, സാന്ത്വനം എന്നീ ടെലിവിഷൻ സീരിയലുകളും എഴുതിയിട്ടുണ്ട്. ഭാര്യ: ലിസി ജോയ്. മക്കൾ: ലിജോ, ആൽബർട്ട്.
ബാബു പള്ളാശേരി
മൈത്രിക്കും പ്രതീക്ഷയ്ക്കും പുറമെ ബാബു പള്ളാശേരി കൊച്ചിൻ സംഘമിത്രയുടെയും ഭാഗമായി. നൂറോളം അമെച്ച്വർ, പ്രൊഫഷണൽ നാടകങ്ങളുടെ ഭാഗമായി. നാടകവേദിയിൽ സജീവമായിരിക്കെ 35 വർഷം മുമ്പ് സിനിമാ മേഖലയിലേക്കും ചുവടുവച്ചു. 18 സിനിമകൾക്കും ടി.വി പരമ്പരകൾക്കും തിരക്കഥയെഴുതി. അനന്തൻപിള്ള അഥവ അച്യുതൻപിള്ള എന്ന ഹിറ്റ് നാടകം ആദ്യമായി മുഖമുദ്ര എന്ന പേരിൽ സിനിമയായി. മാന്ത്രികം, ചുക്കാൻ, അനന്തൻ പിള്ളയും അഞ്ച് മക്കളും, ബഡാ ദോസ്ത് എന്നീ സിനിമകളുടെയും തിരക്കഥാകൃത്തായിരുന്നു. മൂന്ന് വർഷമായി കാലടി ഒക്കൽ കേന്ദ്രീകരിച്ച് പെൻ ആൻഡ് ഇങ്ക് എന്ന പേരിൽ തിരക്കഥാ അക്കാഡമി നടത്തുന്നു. നാടക നടിയായിരുന്ന സൂസിയാണ് ഭാര്യ. മക്കൾ: ലെനിൻ ബാബു, ഇന്ത്യൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |