
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല
ആലുവ: വ്യവസായ വകുപ്പിന് കീഴിൽ ചെറുതും വലുതുമായ നൂറുകണക്കിന് വ്യവസായ സ്ഥാപനങ്ങളാണ് എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നത്. നിയമാനുസൃതമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇക്കൂട്ടത്തിൽ ഏറെയുമെന്നാണ് ആക്ഷേപം. വ്യവസായ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളുമായി ബന്ധമില്ല. ലൈസൻസ് വ്യവസായ വകുപ്പ് നേരിട്ട് നൽകുന്നു. പഞ്ചായത്തിന് തൊഴിൽ നികുതിയും അടക്കേണ്ട. അതിനാൽ ചുറ്റുമതിലുകൾക്കുള്ളിൽ എന്തെല്ലാം വ്യവസായമാണ് നടക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർക്ക് പോലും നിശ്ചയമില്ല. ഇതിനെതിരായ ഹർജിയിൽ പഞ്ചായത്തുകൾക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവിട്ടെങ്കിലും നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കമ്പനികളുടെ സുരക്ഷ സംബന്ധിച്ചും മറ്റും പരിശോധനയ്ക്ക് പോലും പഞ്ചായത്തിന് അനുമതിയില്ലാത്ത സാഹചര്യമാണ്.
ഒരു വർഷത്തിനിടെ പത്തിലേറെ സ്ഥാപനങ്ങളിൽ തീപിടിത്തം
സി.ജെ ലൂബ്രിക്കൻസിൽ രണ്ടാം തവണ
കഴിഞ്ഞ ഒരു വർഷത്തിനിടെ എടയാർ വ്യവസായ മേഖലയിൽ പത്തിലേറെ സ്ഥാപനങ്ങളിൽ തീപിടിത്തമുണ്ടായി. 2024 ഒക്ടോബർ അഞ്ചിന് ഫോർമൽ ട്രേഡ് ലിങ്ക് എന്ന സ്ഥാപനത്തിലും ബോയിലർ പൊട്ടിത്തെറിച്ച് ഒഡീഷ സ്വദേശി ബിക്രം പ്രധാൻ മരിക്കുകയും മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു.
ഇന്നലെ ബോയിലർ പൊട്ടിത്തെറിച്ച സി.ജെ ലൂബ്രിക്കൻസിൽ 2024 ജനുവരി നാലിന് അഗ്നിബാധയുണ്ടായിട്ടുണ്ട്. അന്ന് ആളപായമില്ലെങ്കിലും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. എടയാർ ഓറിയോൺ കെമിക്കൽസ്, ജനറൽ കെമിക്കൽസ്, ശ്രീകോവിൽ റബ്ബർ യൂണിറ്റ് എന്നീ സ്ഥാപനങ്ങളിലും അതേദിവസം തീപിടിത്തമുണ്ടായി. നാലിടത്തുമായി 1.62 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.
2024 സെപ്തംബർ 24ന് മാർക്‌സെമെൻ മറൈൻ പ്രൊഡക്ട്‌സിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. ജനാറിൻ കെമിക്കൽസ്, ശ്രീലക്ഷ്മി ടിമ്പർ, ജോയ്സ് ബോഡി ഗിയർ ഇൻഡസ്ട്രീസ്, എമിനന്റ് ബാത്ത് ടബ്, ജ്യോതിസ് ക്ളീനിംഗ് തുടങ്ങിയ സ്ഥാപനങ്ങളിലും അടുത്തിടെ തീപിടിത്തമുണ്ടായി.
ആശങ്കയെന്ന് പഞ്ചായത്ത്
വ്യവസായ മേഖലയിൽ നിരന്തരമായി തീപിടിത്തവും ആളപായവും സംഭവിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീത സലീംകുമാർ, വൈസ് പ്രസിഡന്റ് വി.കെ.ഷാനവാസ് എന്നിവർ പറഞ്ഞു. ഭൂരിഭാഗവും സുരക്ഷാമാനദണ്ഡം പാലിക്കുന്നില്ല. ഇവയുടെ പ്രവർത്തനങ്ങളും ദുരൂഹമാണ്. വ്യവസായ വകുപ്പും പി.സി.ബിയും ഫാക്ടറി ആൻഡ് ബോയിലേഴ്സും ആവശ്യമായ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |