കൊടുമൺ : കൊടുമണ്ണിൽ വീണ്ടും പെരുമ്പാമ്പ്. വ്യാഴാഴ്ച രാത്രി 11 മണിയോടെ കൊടുമൺ -അങ്ങാടിക്കൽ -കൂടൽ റോഡിലാണ് പാമ്പിനെ കണ്ടത്. കുഴിയറ ഭാഗത്ത് കാറിനു മുന്നിലൂടെ എതിർവശത്തുള്ള ശാന്തിനികേതനിൽ ജയശ്രീയുടെ വീട്ടിലേക്ക് ഇഴഞ്ഞു പോവുകയായിരുന്നു പാമ്പ്. കാറിലുണ്ടായിരുന്ന സമീപവാസിയായ വിഷ്‌ണു സുദേവൻ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. അപ്പോഴേക്കും പാമ്പ് വീടിന്റെ വാതിലിന് മുന്നിൽ എത്തിയിരുന്നു. തുടർന്ന് വനംവകുപ്പിന്റെ സ്നേക്ക് ക്യാച്ചറെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. നാട്ടുകാരും എത്തിയിരുന്നു.
അങ്ങാടിക്കൽ ഉൾപ്പെടെ കൊടുമൺ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ ഒരു വർഷമായി പെരുമ്പാമ്പ് ശല്യം വ്യാപകമാണ്. അങ്ങാടിക്കലിൽ ഒരു വീട്ടിലെ കോഴിക്കൂട്ടിൽ മാസങ്ങൾക്ക് മുമ്പ് പെരുമ്പാമ്പിനെ കണ്ടിരുന്നു. കൊടുമൺ ഐക്കാട് റോഡിൽ ആൾതാമസമില്ലാത്ത വീട് പൊളിച്ചപ്പോൾ പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും മുട്ടകളും കണ്ടെത്തിയിരുന്നു. പാമ്പ്ശല്യത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് കാര്യക്ഷമമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പെരുമ്പാമ്പ് ശല്യമുള്ള പ്രദേശങ്ങളിൽ ഹോട്ട് സ്പോട് മാപ്പിംഗ് നടത്തണം. .കേരളത്തിൽ പല പഞ്ചായത്തുകളിലും പഞ്ചായത്ത് തലത്തിൽ സ്നേക്ക് റെസ്ക്യൂ ടീമിനെ തയ്യാറാക്കുകയും വനംവകുപ്പ് വഴി പരിശീലനം നൽകുകയും ഹെൽപ് ലൈനുകളും പ്രാദേശിക വാട്സാപ്പ് കൂട്ടായ്മകളും രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. കാട്ടുവള്ളികൾ വെട്ടിമാറ്റുകയും കാടുപിടിച്ച സ്ഥലങ്ങൾ വൃത്തിയാക്കുകയും ചെയ്യണം. പറമ്പുകൾ വൃത്തിയാക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകണം.സ്ഥിരമായി ശല്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ വഴിവിളക്കുകളും സി സി ക്യാമറകളും സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |