
ബെംഗളുരു : ഐ.പി.എൽ 19-ാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബിക്ക് സൺറൈസേഴ്സ് ഹൈദരാബാദിനോട് ജയിക്കാൻ വേണ്ടത് 202 റൺസ്. ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസ് എടുത്തത്. 38 പന്തുകളിൽ എട്ടു ഫോറുകളും അഞ്ചു സിക്സുകളുമടക്കം 80 റൺസ് നേടിയ നായകൻ ഇഷാൻ കിഷനും 18 പന്തുകളിൽ മൂന്ന് ഫോറുകളും നാലുസിക്സുകളുമടക്കം 43 റൺസ് നേടിയ അനികേത് വെർമ്മയും 22 പന്തുകളിൽ 31 റൺസ് നേടിയ ഹെൻറിച്ച്ക്ളാസനുമാണ് സൺറൈസേഴ്സിനെ ഈ സ്കോറിലെത്തിച്ചത്.
ഓപ്പണർമാരായ അഭിഷേക് ശർമ്മയേയും (7) ട്രാവിസ് ഹെഡിനെയും (11) മൂന്നാം ഓവറിന്റെ ആദ്യത്തേയും അവസാനത്തേയും പന്തുകളിലായി ജേക്കബ് ഡഫി പുറത്താക്കിയെങ്കിലും ഇഷാൻ കിഷൻ കളത്തിലിറങ്ങിയതോടെ കളി മാറി. അഞ്ചാം ഓവറിൽ ഡഫി തന്നെ നിതീഷ് കുമാറിനെയും(1) ഡഫി മടക്കി അയച്ചു. 29/3 എന്ന നിലയിൽ നാലാം വിക്കറ്റിൽ ഒരുമിച്ച ഇഷാനും ക്ളാസനും ചേർന്ന് കൂട്ടിച്ചേർത്തത് 97 റൺസാണ്. ഇതിൽ കൂടുതലും പിറന്നത് ഇഷാന്റെ ബാറ്റിൽ നിന്നാണ്. നേരിട്ട 27-ാമത്തെ പന്തിൽ ഇഷാൻ അർദ്ധസെഞ്ച്വറി തികച്ചു. ഐ.പി.എല്ലിൽ 3000 റൺസും ഇഷാൻ തികച്ചു.14-ാം ഓവറിൽ റൊമാരിയോ ഷെപ്പേഡാണ് ക്ളാസനെ പുറത്താക്കിയത്. അടുത്ത ഓവറിൽ സലിൽ അറോറയെ (9) സുയാഷ് പുറത്താക്കി.അഭിനന്ദൻ സിംഗ് എറിഞ്ഞ 16-ാം ഓവറിൽ ബൗണ്ടറി ലൈനിനരികിൽ ഫിൽ സാൾട്ടിന്റെ അതിമനോഹരമായ ഒരു ഡൈവിംഗ് ക്യാച്ചിലൂടെയാണ് ഇഷാൻ പുറത്തായത്. അവസാന ഓവറുകളിൽ ഹർഷ് ദുബെ(3), ഹർഷൽ പട്ടേൽ (0), എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും അനികേതിന്റെ വെടിക്കെട്ട് ടീം സ്കോർ 201ലെത്തിച്ചു. ആർ.സി.ബിക്ക് വേണ്ടി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേഡും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.ഭുവനേശ്വർ കുമാർ,സുയാഷ്, അഭിനന്ദൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |