
13 വർഷത്തിന് ശേഷം സീസണിലെ ആദ്യ മത്സരത്തിൽ വിജയിച്ച് മുംബയ് ഇന്ത്യൻസ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കിയത് ആറുവിക്കറ്റിന്
കൊൽക്കത്ത 220/4, മുംബയ് 224/4
മുംബയ് : ഒരു പതിറ്റാണ്ടിലേറെയായി ഐ.പി.എല്ലിൽ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജയിക്കാൻ കഴിയാത്തവരെന്ന ചരിത്രം മാറ്റിയെഴുതി മുംബയ് ഇന്ത്യൻസ്. ഇക്കുറി തങ്ങളുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ ആദ്യ കളിയിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെയാണ് മുംബയ് ചേസ് ചെയ്ത് തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഓവറിൽ 220/4 എന്ന മാന്യമായ സ്കോർ ഉയർത്തിയ കൊൽക്കത്തയെ അഞ്ചു പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനിൽക്കേയാണ് മുംബയ് കീഴടക്കിയത്.
തകർപ്പൻ അർദ്ധസെഞ്ച്വറികൾ നേടുകയും ഓപ്പണിംഗിൽ 148 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്ത രോഹിത് ശർമ്മയും (38 പന്തുകളിൽ ആറുവീതം ഫോറും സിക്സുമടക്കം 78 റൺസ്) റയാൻ റിക്കിൾട്ടണും (43 പന്തുകളിൽ നാലുഫോറും എട്ട് സിക്സുമടക്കം 81 റൺസ്) ചേർന്നാണ് മുംബയ്‌യുടെ ചരിത്രം മാറ്റിയെഴുതിയത്. സൂര്യകുമാർ യാദവ് (16), തിലക് വർമ്മ (20), ഹാർദിക് പാണ്ഡ്യ (18*) എന്നിവരും ചേർന്നപ്പോൾ മുംബയ്ക്ക് എന്നന്നേക്കും ഓർമ്മയിൽ സൂക്ഷിക്കാനൊരു വിജയം സ്വന്തമായി.
മുൻ ചാമ്പ്യന്മാരുടെ കൊമ്പുകോർക്കലിൽ അർദ്ധസെഞ്ച്വറികൾ നേടിയ നായകൻ അജിങ്ക്യ രഹാനെയും (40 പന്തുകളിൽ മൂന്ന് ഫോറുകളും അഞ്ച് സിക്സുകളുമടക്കം 67 റൺസ്) , ആംഗ്രിഷ് രഘുവംശിയും (29 പന്തുകളിൽ ആറുഫോറും രണ്ട് സിക്സുമടക്കം 51 റൺസ് ) കൊൽക്കത്തയുടെ പോരാട്ടത്തിലെ മുന്നണിക്കാരായി. 17 പന്തുകളിൽ ആറുഫോറുകളും രണ്ട് സിക്സുകളുമടക്കം 31 റൺസ് നേടിയ ഫിൻ അല്ലെനും 21 പന്തുകളിൽ പുറത്താകാതെ നാലുഫോറടക്കം 33 റൺസ് നേടിയ റിങ്കു സിംഗും സ്കോർ ഉയർത്താൻ സഹായിച്ചു.കാമറൂൺ ഗ്രീൻ 10 പന്തുകളിൽ ഓരോ ഫോറും സിക്സുമടക്കം 18 റൺസ് നേടി.
കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണിംഗിനിറങ്ങിയ അജിങ്ക്യ രഹാനെയും ഫിൻ അല്ലെനും മികച്ച തുടക്കമാണ് നൽകിയത്. പരിക്കിന്റെ പിടിയിൽ നിന്ന് മോചിതനായ ജസ്പ്രീത് ബുംറയെക്കൂട്ടി ഇറങ്ങിയ മുംബയ് ഇന്ത്യൻസിന് ആദ്യ വിക്കറ്റ് വീഴ്ത്താൻ ആറാം ഓവർവരെ കാത്തിരിക്കേണ്ടിവന്നു. ടീം സ്കോർ 69ൽ നിൽക്കേ അല്ലെനെ തിലക് വർമ്മയുടെ കയ്യിലെത്തിച്ച് ശാർദൂൽ താക്കൂറാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. പകരമറങ്ങിയ കാമറൂൺ ഗ്രീൻ ഒൻപതാം ഓവറിൽ താക്കൂറിന്റെ പന്തിൽ റുഥർഫോഡിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ ടീം 109 റൺസിലെത്തിയിരുന്നു. രഘുവംശിക്കൊപ്പം 36 റൺസ് കൂടി കൂട്ടിച്ചേർത്ത ശേഷമാണ് അജിങ്ക്യ മടങ്ങിയത്. ഐ.പി.എല്ലിലെ തന്റെ 35-ാമത്തെ അർദ്ധസെഞ്ച്വറി കണ്ടെത്തിയ
അജിങ്ക്യയും ശാർദൂലിന് തന്നെയാണ് വിക്കറ്റ് സമ്മാനിച്ചത്. ഹാർദിക് പാണ്ഡ്യയ്ക്കായിരുന്നു ക്യാച്ച്.
രഹാനെ മടങ്ങിയശേഷം ആംഗ്രിഷ് രഘുവംശിയും റിങ്കു സിംഗും തകർത്തടിച്ചു. 30 പന്തുകളിൽ 60 റൺസ് കൂട്ടിച്ചേർത്ത ഇവർ ടീമിനെ 200 കടത്തി.19-ാം ഓവറിൽ ആംഗ്രിഷിനെ തിലക് വർമ്മയുടെ കയ്യിലെത്തിച്ച് ഹാർദിക്കാണ് സഖ്യം പൊളിച്ചത്. ശാർദൂൽ മൂന്ന് വിക്കറ്റും പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. നാലോവറിൽ 35 റൺസ് വഴങ്ങിയ ബുംറയ്ക്ക് വിക്കറ്റ് ലഭിച്ചില്ല.
2012 ന് ശേഷം ആദ്യമായാണ് മുംബയ് ഇന്ത്യൻസ് ഒരു ഐ.പി.എൽ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിക്കുന്നത്. കൊൽക്കത്തയ്ക്ക് എതിരെ വാങ്കഡേ സ്റ്റേഡിയത്തിൽ കളിച്ച 13 മത്സരങ്ങളിൽ മുംബയ് ഇന്ത്യൻസിന്റെ 11-ാമത് വിജയമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |