
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗം അടക്കിവാണ് പുത്തൻ ട്രെൻഡുകളും സോഷ്യൽ മീഡിയയും. അഭ്യർത്ഥനയും ചുവരെഴുത്തും പോസ്റ്ററുകളും പോരാതെ എ.ഐ വീഡിയോകളും റീലുകളും സ്റ്റാറ്റസുകളും വാട്‌സാപ് പോസ്റ്ററുകളും പുത്തൻ ആനിമേറ്റഡ് വീഡിയോകളും എൽ.ഇ.ഡി സ്‌ക്രീൻ വാഹനങ്ങളും കളം നിറയുന്നു.
കത്തുന്ന ചൂടിൽ പുറത്തെ പ്രചാരണത്തേക്കാൾ കൂടുതൽ പോരാട്ടം സോഷ്യൽ മീഡിയയിലാണ്. സ്മാർട്ഫോൺ ഉപയോഗിക്കുന്ന എല്ലാവരിലേക്കും നിമിഷനേരം കൊണ്ട് പ്രചാരമെണത്തിക്കാൻ കഴിയുന്ന വഴിയാണ് സോഷ്യൽമീഡിയ. 30 സെക്കൻഡ് മുതൽ ഒന്നര മിനിറ്റു വരെയുള്ള റീലുകൾക്കാണ് പ്രിയമേറെ. ഉള്ളിൽത്തട്ടുന്ന പാട്ടുകൾ ഉൾപ്പെടെ ബി.ജി.എമ്മാക്കി ആളുകളിലേക്ക് ഇടിച്ചുകയറാവുന്ന തരത്തിലാണ് റീലുകൾ.
വൻതുകയ്ക്ക്
പി.ആർ ടീമുകൾ
സ്ഥാനാർത്ഥികളുടെ പ്രചാരണം മൊത്തമായും ചില്ലറയായും പി.ആർ ടീമുകളാണ് നിയന്ത്രിക്കുന്നത്. സ്ഥാനാർത്ഥികളുടെയും പാർട്ടികളുടെയും ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,ത്രഡ്,എക്‌സ് തുടങ്ങിയ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നത് പി.ആർ ടീമുകളും പ്രത്യേക സോഷ്യൽമീഡിയാ കമ്പനികളുമാണ്. വാട്‌സാപ്പിലുൾപ്പെടെ ഗ്രൂപ്പുകളും ചാനലുകളും നിയന്ത്രിക്കാൻ പ്രത്യേകം ആളുകളും റെഡി. വൻ തുകയാണ് ഈടാക്കുന്നത്. സ്ഥാനാർത്ഥിയുടെ ഓരോ ചലനവും റീലുകളാകുന്നുണ്ട്.
ആരാധനാലയ സന്ദർശനം മുതൽ കടുത്ത ചൂടിൽ ദാഹമകറ്റുന്നതു വരെ റീൽസാണ്. റോഡ്ഷോയും കൺവെൻഷനുകളും ലൈവായി പ്രചരിപ്പിക്കുന്നതിനും മത്സരമാണ്. തിരഞ്ഞെടുപ്പു ചിഹ്നം നെയ്ത മുണ്ടുകളും ഷർട്ടുകളുമാണ് മറ്റൊരു ട്രെൻഡ്. കൈപ്പത്തി,അരിവാൾ ചുറ്റിക നക്ഷത്രം,താമര,അരിവാൾ നെൽക്കതിർ,ഗോവണി,കുടം തുടങ്ങിയ ചിഹ്നങ്ങൾ ആലേഖനം ചെയ്ത മുണ്ടുകൾ ചൂടപ്പം പോലെ വിറ്റഴിയുന്നു. ഇത്തരം ഷർട്ടുകളും ഉടനെ വിപണിയിലിറങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |