
എം.എ.ബേബി സി.പി.എം ജനറൽ സെക്രട്ടറിയായ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. വാദങ്ങളും വിവാദങ്ങളും വിശേഷങ്ങളും ഒരുപാട്. ജമാഅത്തെ- എസ്.ഡി.പി.ഐ, ഇടത്- വലത് മുന്നണികൾ ഉയർത്തുന്ന ഡീൽ വിവാദങ്ങൾ ഒരുവശത്ത്. ചോദിക്കാനും പറയാനും ജനത്തിന് ഒരുപാടുണ്ട്. രാവിലെ ഏഴിന് വടകരയിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിയെക്കാണുമ്പോൾ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ നിന്ന് ഇഡലിയും ചമ്മന്തിയും കഴിക്കുന്നു. ഒന്നുരണ്ട് വ്യക്തിപരമായ ചോദ്യങ്ങളിലേക്കെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പതിവ് ശൈലിയിൽ കുലുങ്ങിച്ചിരിച്ചു. എന്തും ചോദിച്ചോളൂ...
?പ്രഭാത ഭക്ഷണം
അങ്ങനെയൊന്നുമില്ല. പാർട്ടി പരിപാടികളുമായുള്ള യാത്രയിൽ കിട്ടുന്നത് കഴിക്കും. പിന്നെ ഇഷ്ടം ഇഡലിയും ദോശയുമാണ്. വീട്ടിലായാൽ പുട്ടും നൂൽപുട്ടും കിട്ടും. (അടുത്തിരിക്കുന്ന ബെറ്റി ബേബിക്ക് ചിരിപൊട്ടി). എന്തും കഴിക്കും. ഓംലെറ്റും ബ്രഡുമായാലും പ്രശ്‌നമില്ല.
?ഉച്ചയ്‌ക്കോ
നല്ല വെജിറ്റേറിയൻ ഊണുകിട്ടിയാൽ വലിയ സന്തോഷം. പിന്നെ മീനിനോട് പ്രിയമുണ്ട്. നത്തോലി, മത്തി, അയല... കിട്ടിയാൽ അയക്കൂറ. രാത്രിയിൽ രണ്ട് ചപ്പാത്തി മതിയാവും.
? തിരക്കിട്ട രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വീടൊരു പ്രശ്‌നമാകുന്നില്ലേ
വീട് പ്രശ്‌നമാകുന്നില്ല. ബെറ്റി എപ്പോഴും കൂടെയുണ്ടല്ലോ.
യാത്ര തുടങ്ങുകയാണ്. ആദ്യ പരിപാടി കുറ്റ്യാടി മണ്ഡലത്തിലെ കാവിൽ റോഡിൽ. ബേബിയെ സ്വീകരിക്കാനും കേൾക്കാനുമായി നൂറുകണക്കിനാളുകൾ. രാഷ്ട്രീയത്തിനപ്പുറത്ത് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രസംഗം. കേരളം ഇത്തവണയും ആഗ്രഹിക്കുന്നത് മൂന്നാം ഇടതു സർക്കാരിനെയാണ്. എന്തൊക്കെ വിവാദങ്ങളുണ്ടാക്കിയാലും ഈ സർക്കാർ ജനങ്ങൾക്കായി ചെയ്തിട്ടുള്ള നേട്ടങ്ങളെല്ലാം പകൽപോലെ വ്യക്തമാണെന്ന് ബേബി. പാർട്ടി പ്രവർത്തകർ സർക്കാരിന്റെ നേട്ടങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്നും ആഹ്വാനം ചെയ്തു. കാവിൽ റോഡ് വിട്ട് പേരാമ്പ്ര മണ്ഡലത്തിലേക്ക് പോകുമ്പോൾ വീണ്ടും രാഷ്ട്രീയം സംസാരിച്ചു.
?ജമാഅത്തെ ഇസ്ലാമിയെ നഖശിഖാന്തം എതിർക്കുമ്പോൾ എസ്.ഡി.പി.ഐ- സി.പി.എം ഡീലിനെക്കുറിച്ച് എന്താണ് പറയാനുള്ളത്
എസ്.ഡി.പി.ഐ എവിടെയെങ്കിലും പറഞ്ഞോ സി.പി.എമ്മിന് വോട്ട് നൽകുമെന്ന്. അത് പറയാത്തിടത്തോളം കാലം സി.പി.എം എന്തിനാണ് അഭിപ്രായം പറയുന്നത്. സതീശനു ദിവസവും എന്തെങ്കിലും വിവാദങ്ങളുണ്ടാക്കി ഇടതു സർക്കാരിന്റെ നേട്ടങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കണം. മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐയുടെ സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ചത് സി.പി.എമ്മാണോ. വർഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ യാതൊരു രാഷ്ട്രീയ ബോധവുമില്ലാതെ അവഹേളിക്കുന്നത് ജനം ഈ തിരഞ്ഞെടുപ്പിൽ തിരിച്ചറിയും.
ഉച്ചയ്ക്ക് കോഴിക്കോട് പ്രസ്‌ക്ലബ്ബിൽ നടത്തിയ മുഖാമുഖത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം ബേബി മറുപടി നൽകി. ഒരു ചോദ്യത്തോടും പ്രകോപിതനാവാതെ എല്ലാത്തിനും കൃത്യമായ മറുപടി.
കുറ്റ്യാടി മണ്ഡലത്തിലെ കുട്ടോത്ത് കാവിൽ റോഡിൽ നിന്നുമാണ് പ്രസ്‌ക്ലബിൽ മുഖാമുഖത്തിലേക്കെത്തിയത്. സമയം പറഞ്ഞത് രണ്ടുമണി. ഓടിക്കിതച്ചെത്തുമ്പോഴേക്കും മൂന്നുമണി. ക്ഷമ പറഞ്ഞ് തുടക്കം. അതുകഴിഞ്ഞ് പേരാമ്പ്ര നടുവണ്ണൂരിൽ, തുടർന്ന് ബാലുശ്ശേരി, പയ്യോളി. പിന്നീട് പാർട്ടി ചർച്ചകൾ, ആലോചനകൾ, കോഴിക്കോട്ടെ ആധിപത്യം നിലനിറുത്തുന്നതിനെക്കുറിച്ചുള്ള കൂടിയാലോചനകൾ... പര്യടനമെല്ലാം കഴിഞ്ഞ് കോഴിക്കോട്ടെ താമസസ്ഥലത്തെത്തുമ്പോൾ രാത്രി 12മണി. കൂടെ ഭാര്യ ബെറ്റിയുണ്ട്. ഇക്കണക്കിന് പോയാൽ നാളെ ഞാൻ കൂടെയില്ലെന്ന് ബെറ്റി. സഖാവ് വീണ്ടും കുലുങ്ങിച്ചിരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |