
കോട്ടയം : തിരഞ്ഞെടുപ്പ് അവസാന ലാപ്പിലേയ്ക്ക് കടന്നതോടെ റബറും വികസനവുമടക്കം മുഴുവൻ വിഷയങ്ങൾക്കും മേൽ എഫ്.സി.ആർ.എ ചൂടുപിടിപ്പിച്ച് നിറുത്തുകയാണ് ഇടത് - വലത് മുന്നണികൾ. അതേസമയം ആശങ്ക വേണ്ടെന്നും ന്യൂനപക്ഷങ്ങൾക്കൊപ്പമാണെന്നുമാണ് ബി.ജെ.പിയുടെ ഉറപ്പ്. റബർ വില, ശബരിമല സ്വർണക്കൊള്ള, വികസനം, അഴിമതി അടക്കമുള്ള വിഷയങ്ങൾ ഉയർത്തി പ്രചാരണം തുടങ്ങിയപ്പോഴാണ് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള നിയന്ത്രണ ഭേദഗതി ബില്ല് (എഫ്.സി.ആർ.എ) ചർച്ചയായത്. സഭാ നേതൃത്വം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയതോടെ ഇടത് - വലത് നേതാക്കൾ പിന്തുണ നൽകി. ഇതോടെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി എഫ്.സി.ആർ.എ മാറി. പെസഹ, ദു:ഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ വിഷയം ചൂണ്ടിക്കാട്ടി പ്രത്യേക ക്യാമ്പയിനും നടക്കും. കേരള കോൺഗ്രസ്, കോൺഗ്രസ്, സി.പി.എം നേതാക്കൾ വിഷയത്തിൽ കേന്ദ്രസർക്കാരിനെയും ബി.ജെ.പിയെയും കുറ്റപ്പെടുത്തിയപ്പോൾ ജില്ലയിലെ പ്രധാന ക്രൈസ്തവ ബി.ജെ.പി നേതാക്കളായ ജോർജ് കുര്യനും, പി.സി.ജോർജും, ഷോൺ ജോർജുമാണ് പ്രതിരോധം തീർക്കുന്നത്. ബില്ല് സംബന്ധിച്ച് അനാവശ്യ ഭീതി സൃഷ്ടിക്കുന്നതാണെന്നും സത്യാവസ്ഥ കൃത്യമായി സഭാ നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
ലക്ഷ്യം ക്രിസ്ത്യൻ വോട്ടുകൾ
ബി.ജെ.പിയിലേയ്ക്ക് പോകാവുന്ന ക്രിസ്ത്യൻ വോട്ടുകൾക്ക് തടയിടുകയെന്നതാണ് പ്രധാന ലക്ഷ്യം. വൈക്കം ഒഴികെ എട്ട് മണ്ഡലങ്ങളിലും പ്രധാന പ്രചാരണ വിഷയമാണ് എഫ്.സി.ആർ.എ. പി.സി.ജോർജിന്റെ വരവോടെ ക്രിസ്ത്യൻ മേഖലകളിൽ ബി.ജെ.പി നേടിയ മുൻതൂക്കം തടയുകയും ജയപരാജയങ്ങൾക്ക് കാരണമായേക്കാവുന്ന നിർണായക വോട്ടുകൾ പെട്ടിയിലാക്കുകയുമാണ് ലക്ഷ്യം. വിഷയത്തിൽ നിരന്തര പ്രതികരണവുമായി കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി രംഗത്തെത്തിയത് പ്രചരണത്തിൽ ഷോൺ ജോർജ് നേടിയ മേൽക്കൈ തടയുകയെന്ന ലക്ഷ്യത്തോടെയാണെന്നും പറയുന്നു.
'' എൻ.ജി.ഒകളുടെ പേരിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പണം എത്തുന്നത് തടയാനുള്ള നിയമം വരുമ്പോൾ അത് ക്രൈസ്തവ സഭാ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതിന് വേണ്ടിയെന്നുള്ള പ്രചാരണം നടത്തുന്നത് കോൺഗ്രസും ഇടതുപക്ഷവുമാണ്. ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണ്.
ഷോൺ ജോർജ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |