മല്ലപ്പള്ളി : വഴിഅറിയാതെ വലയുന്നവർക്ക് വഴികാട്ടാനുള്ള ദിശാ ബോർഡുകൾ തറപറ്റിയ നിലയിലാണ് മല്ലപ്പള്ളിയിൽ പലയിടത്തും. ചിലതിൽ കാട്ടുവള്ളിച്ചെടികൾ പടർന്ന് ബോർഡുകൾ മറിച്ചിരിക്കുന്നു. അക്ഷരം മാഞ്ഞുപോയതും ഉണ്ട്. ചില സ്ഥലങ്ങളിൽ ബോർഡുകൾ ഉണ്ടെങ്കിലും ആളുകളുടെ ശ്രദ്ധയിൽപ്പെടാത്ത വിധത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിന്റ സമീപത്തെ ബോർഡ് നിലം പതിച്ച നിലയിലാണ്. മുരണി - ശാസ്താംകോയിക്കൽ റോഡിലേക്കുള്ള സൂചന ബോർഡാണ് ആഴ്ചകൾക്ക് മുൻപ് നിലം പതിച്ചത്. മല്ലപ്പള്ളി മേഖലയിലെ പ്രധാന കവലകളിലും റോഡുകളിലും സ്ഥാപിച്ചിരിക്കുന്ന ദിശാസൂചകങ്ങൾ തകന്ന നിലയിലാണ്. കാറ്റും മഴയും മൂലമുള്ള സ്വാഭാവിക തകരാറുകൾക്ക് പുറമേ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായും ആക്ഷേപമുണ്ട്. ഇതുമൂലം ഈ വഴിയെത്തുന്ന പുതിയ വാഹനങ്ങൾക്കും സഞ്ചാരികൾക്കും കൃത്യമായി വഴി മനസിലാക്കുവാൻ സാധിക്കാത്ത സ്ഥിതിയാണ്. പലപ്പോഴും വഴിതെറ്റി ദൂരസ്ഥലങ്ങളിലെത്തിയ ശേഷമാണ് യാത്രക്കാർ അബദ്ധം തിരിച്ചറിയുന്നത്. തകർന്ന ബോർഡുകൾ അടിയന്തരമായി മാറ്റി പുതിയവ സ്ഥാപിക്കണമെന്നും നിലവിൽ വ്യക്തമല്ലാത്ത ബോർഡുകൾ പെയിന്റ് ചെയ്ത് പുനസ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
വഴി തെറ്റി ചരക്കുവാഹനങ്ങൾ
ദിശാബോർഡുകൾ പുനർനിർമ്മിച്ചാൽ താലൂക്ക് പ്രദേശത്ത് എത്തുന്ന ചരക്ക് വാഹനങ്ങൾ പോലെയുള്ള വലിയ വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും സ്ഥലം, ദൂരം, ദിശ തുടങ്ങിയവ മനസിലാക്കുവാൻ സാധിക്കും.എന്നാൽ വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും പുതിയ ദിശ സൂചന ബോർഡുകൾ സ്ഥാപിക്കുന്നതിനോ മാഞ്ഞ ബോർഡുകൾ തെളിക്കുവാനോ അധികൃതർ തയാറാകുന്നില്ല.
.................................................
പരിഹാരം
1. തുരുമ്പെടുത്ത് കാലപ്പഴക്കം ചെന്ന ബോർഡുകൾ മാറ്റി സ്ഥാപിക്കണം
2. വ്യക്തമല്ലാത്ത ബോർഡുകൾ മാറ്റി വലിയ ബോർഡുകൾ വയ്ക്കണം
3. വൺവേ മനസിലാക്കുന്നതിന് ബോർഡുകൾ വേണം
4. കാടുമൂടിയ ബോർഡുകൾ മാറ്റണം
....................................................
ചിലയിടങ്ങളിൽ റോഡ് അരികിൽ ചെറിയ ദിശ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വലിയ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഇവ പെട്ടന്ന് ശ്രദ്ധയിൽപെടില്ല. ഇവയ്ക്ക് പകരമായി റോഡിന്റെ വശങ്ങളിൽ ഉയരത്തിൽ റോഡിന് കുറുകെയായി ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
കൃഷ്ണകുമാർ
(ലോറി ഡ്രൈവർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |