
കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണചൂട് കൂട്ടുന്ന വിവാദ വിഷയമായി എഫ്.സി.ആർ.എ നിയമ ഭേദഗതിയും. വിദേശ ഫണ്ട് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതോടെ ഇടഞ്ഞ ക്രൈസ്തവ സഭകളെ പിന്തുണച്ച് എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയതോടെ എൻ.ഡി.എ പ്രതിരോധത്തിലായി. പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കോട്ടയത്ത് എത്തുന്നതോടെ ക്രൈസ്തവ സഭയെ അനുനയിപ്പിക്കാനുള്ള നീക്കം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ നേതൃത്വം.
പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഷോൺ ജോർജ്, പി.സി.ജോർജ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവരെ എൻ.ഡി.എ മത്സരത്തിനിറക്കിയത് ക്രൈസ്തവ വോട്ടുബാങ്ക് ലക്ഷ്യമിട്ടായിരുന്നു. മൂന്നുപേരും പ്രചാരണത്തിൽ മുന്നേറുന്നതിനിടയിലാണ് എഫ്.സി.ആർ.എ നിയമ ഭേദഗതിക്കെതിരെ ക്രൈസ്തവമത മേലദ്ധ്യക്ഷന്മാർ രംഗത്തു വന്നത്. ബില്ല് ഒരു കാരണവശാലും ക്രൈസ്തവ സഭയെ ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ബില്ല് പിൻവലിക്കണമെന്നാണ് വിവിധ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരുടേയും സംഘടനകളുടേയും ആവശ്യം. ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഹിന്ദു വോട്ടിൽ പ്രതീക്ഷയർപ്പിച്ചിട്ടുള്ള യു.ഡി.എഫിന് ലോട്ടറിയായി എഫ്.സി.ആർ.എ വിഷയവും. ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വിഷയം കത്തിച്ചു നിറുത്തുകയാണ് യു.ഡി.എഫും എൽ.ഡി.എഫും. അതേസമയം, ക്രൈസ്തവ സഭയുടെ ആശങ്ക പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |