
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ പുതുതലമുറ ആരവമുയർത്തിയ തൃക്കോതമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂൾ കവലയിൽ സ്റ്റൈലിഷായി ശശി തരൂർ എം.പി വന്നിറങ്ങിയപ്പോഴേയ്ക്കും ത്രിവർണ നിറമുള്ള കടലാസ് കഷ്ണങ്ങൾ പുഷ്പവൃഷ്ടി പോലെ അന്തരീക്ഷത്തിൽ നിറഞ്ഞു. പതിവ് ചിരിയോടെ മെറൂൺ നിറമുള്ള കുർത്തയുടെ കൈ അല്പം തെറുത്ത് കയറ്റി, കൂളിംഗ് ഗ്ളാസുയർത്തി, ചുറ്റും കൈവീശി ചിഹ്നം കൈപ്പത്തിയെന്നുറപ്പിച്ചു. സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെ ചേർത്തണച്ചപ്പോൾ പ്രവർത്തകർ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു.
വിശ്വപൗരനെ സ്വീകരിക്കാൻ നാസിക് ഡോളും തമ്പോലുമടക്കമുള്ള വാദ്യോപകരണങ്ങൾ. മുഴങ്ങുന്ന തമ്പോൽ കണ്ടപ്പോൾ ശശിതരൂരിന് കൗതുകം. കോലുവാങ്ങി തമ്പോലത്തിൽ താളം പിടിച്ചു. താളത്തിനൊത്ത് ചുറ്റും കൈയടി ഉയർന്നു. നിമിഷങ്ങൾക്കകം തരൂർ രംഗം കൈയിലാക്കി. യുവ തലമുറയെ പ്രചോദിപ്പിച്ചും ഉമ്മൻചാണ്ടിയെ ഓർത്തും തരൂരിന്റെ പ്രസംഗം.
''തൊഴിലും ജീവിത സാഹചര്യങ്ങളും തേടി യുവാക്കൾ നാടുവിടുന്ന സാഹചര്യം മാറാൻ ചാണ്ടി ഉമ്മനെ പോലെയുള്ള യുവനേതാക്കൾ ഭരണനേതൃത്വത്തിൽ വരണം. ഉമ്മൻചാണ്ടിയെ പോലെ പാവങ്ങൾക്ക് ആശ്രയിക്കാവുന്ന നേതാവാണ് മകൻ ചാണ്ടി ഉമ്മനും. രണ്ടര വർഷക്കാലം ജനപ്രതിനിധിയെന്ന നിലയിൽ പുതുപ്പള്ളിയുടെ ആവശ്യങ്ങളും ആശങ്കകളും അഭിലാഷങ്ങളും നിയമസഭയിൽ എത്തിക്കാൻ ചാണ്ടി ഉമ്മനായി"". തരൂരിന്റെ വാക്കുകൾക്ക് നിലയ്ക്കാത്ത കൈയടി. തുറന്ന ജീപ്പിൽ ചാണ്ടിക്കൊപ്പം വാകത്താനത്തേയ്ക്ക്. പ്രിയ നേതാക്കളെ കാത്ത് വഴിയരികിൽ പ്രവർത്തകർ കാത്തുനിന്നു. പൊരിവെയിലിലും പൂക്കളും വാടാത്ത ചിരിയുമായി സ്ത്രീകളും കുട്ടികളമടക്കമുള്ളവർ. ചിരിച്ചും കൈവീശിയും അതിരറ്റ സ്നേഹം തിരികെ നൽകി നേതാക്കൾ.
ഹിന്ദിയിലെ ചോദ്യത്തിന് ഹിന്ദിയിൽ മറുപടി
പുതുപ്പള്ളി മണ്ഡലത്തിലെ പര്യടനം അവസാനിപ്പിച്ച് കോട്ടയം മണ്ഡലത്തിലെ മാങ്ങാനത്തെത്തുമ്പോൾ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ തുറന്ന വാഹനത്തിൽ കാത്തു നിൽപ്പുണ്ടായിരുന്നു. തരൂരിനെ കണ്ടതോടെ മാങ്ങാനത്തെ എക്സ് സർവീസുകാരൻ വർഗീസ് ജേക്കബ് ഹിന്ദിയിൽ സുഖമാണോയെന്ന് ചോദിച്ചു. അതിവേഗം വന്നു ഹിന്ദിയിലുള്ള മറുപടി. മാങ്ങാനം മന്ദിരം കവലയും ലക്ഷം വീട് കോളനിയും കുന്നേമാടം പ്രതിഭ ജംഗ്ഷനിലും പ്രിയനേതാവിനെ കാത്ത് പ്രവർത്തകർ അണിനിരന്നിരുന്നു. ഷാളണിയിക്കാനും സെൽഫിയെടുക്കാനും നീണ്ട നിര. ഒരാളെയും നിരാശപ്പെടുത്താതെ തരൂർ പ്രവർത്തകരുടെ മനസ് കീഴടക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |