
ലക്‌നൗ: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ജയം പിടിച്ചെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇംപാക്ട് പ്ലെയര്‍ ആയി ക്രീസിലെത്തി അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന 22കാരന്‍ സമീര്‍ റിസ്‌വിയാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യമായ 142 റണ്‍സ് ഡല്‍ഹി മറികടക്കുകയായിരുന്നു. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ സമീര്‍ റിസ്‌വി - ട്രിസ്റ്റന്‍ സ്റ്റബ്‌സ് സഖ്യം നേടിയ സെഞ്ച്വറി കൂട്ടുകെട്ട് ജയമൊരുക്കുന്നതില്‍ നിര്‍ണായകമായി.
142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ക്യാപിറ്റല്‍സിന് ആദ്യ പന്തില്‍ തന്നെ കെഎല്‍ രാഹുലിന്റെ വിക്കറ്റ് 0(1) നഷ്ടമായി. പാത്തും നിസംഗ 1(5), നിതീഷ് റാണ 15(17), ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 0(1) എന്നിവരും മടങ്ങിയപ്പോള്‍ സ്‌കോര്‍ 4.3 ഓവറില്‍ 26ന് നാല് എന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് 76 പന്തുകളില്‍ നിന്ന് 119 റണ്‍സ് സമീര്‍ റിസ്‌വി 70*(47) - ട്രിസ്റ്റന്‍ സ്റ്റബ്‌സ് 39*(32) സഖ്യം നേടിയത്. ലക്‌നൗവിനായി പ്രിന്‍സ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മൊഹമ്മദ് ഷമി, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി 18.4 ഓവറില്‍ 141 റണ്‍സിന് എല്ലാവരും പുറത്തായി. ഭേദപ്പെട്ട തുടക്കം ലഭിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടതാണ് റിഷഭ് പന്തിനും സംഘത്തിനും ബാറ്റിംഗില്‍ തിരിച്ചടിയായത്. 35 റണ്‍സെടുത്ത ഓപ്പണറും ഓസീസ് ട്വന്റി 20 ടീം നായകനുമായ മിച്ചല്‍ മാര്‍ഷ് മാത്രമാണ് മുന്‍നിരയില്‍ ലക്നൗവിനായി തിളങ്ങിയത്.
പുതിയ സീസണിന് തുടക്കമിടാന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഓപ്പണറുടെ റോളിലാണ് ക്യാപ്റ്റന്‍ പന്ത് എത്തിയത്. എന്നാല്‍ 7(9) റണ്‍സ് നേടി നില്‍ക്കെ ദൗര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തില്‍ പിടികൂടുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രം 11(8), ആയുഷ് ബദോനി 0(3), നിക്കോളാസ് പൂരന്‍ 8(8) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ എല്‍സ്ജിയുടെ സ്‌കോര്‍ 71ന് അഞ്ച് എന്ന നിലയിലേക്ക് വീണു. അബ്ദു സമദ് 36(25), മുകുള്‍ ചൗദരി 14(11), ഷാബാസ് അഹ്‌മ്മദ് പുറത്താകാതെ 15*(16) എന്നിങ്ങനെയാണ് പിന്നീട് വന്നവരുടെ സ്‌കോറുകള്‍.
മുഹമ്മദ് ഷമി ഒരു റണ്ണെടുത്ത് പുറത്തായപ്പോള്‍ ആന്റിച്ച് നോര്‍ക്യ, മൊഹ്സിന്‍ ഖാന്‍ എന്നിവര്‍ പൂജ്യത്തിന് മടങ്ങി. ഡല്‍ഹിക്കായി ടി നടരാജന്‍, ലുങ്കി എങ്കിടി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങിയപ്പോള്‍ കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റുകളും ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിന് ഒരു വിക്കറ്റും കിട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |