ഇരിങ്ങാലക്കുട: മീനസൂര്യൻ മടങ്ങിയ സായന്തനത്തിൽ, ചെമപ്പും നീലയും വെളിച്ചം മിന്നിച്ചിതറിയ വേദിയിൽ കൃത്യം ഏഴിന് വിനീതോത്സവത്തിന് തുടക്കം. പച്ച കുർത്തയണിഞ്ഞാണ് മലയാളത്തിന്റെ ബഹുമുഖ പ്രതിഭ വിനീത് എത്തിയത്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ ആയിരം കണ്ണുമായി അതുവരെയുള്ള കാത്തിരിപ്പിന്റെ വിരസതയകറ്റി. പിന്നീട് ഗുണയിലെ കൺമണി അൻപോട് കാതലൻ ആലപിച്ച് സദസിന് അഭിമുഖമായി മൈക്ക് വച്ചു. സദസും ഏറ്റുപാടി ഒപ്പം കൂടി. പിന്നീട് അച്ഛന്, മലയാളത്തിന്റെ പ്രിയ ശ്രീനിവാസന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം എന്ന് പരിചയപ്പെടുത്തി ഓൾഡ് മെലഡി കായാമ്പൂ, കണ്ണിൽ വിടരും എന്ന ഗാനം മൂളി.
തട്ടത്തിൽ മറയത്തിന്റെ സുന്ദര ഇൻട്രോ കൂടിയായതോടെ ഇരിങ്ങാലക്കുടയുടെ വേദിയിൽ വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്ന ആ പ്രത്യേകതരം പ്രണയക്കാറ്റ് വീശി. ജെൻസികളും അതേറ്റുപാടി... 'അനുരാഗത്തിൻ വേളയിൽ... '.
പിന്നെ നീ മധു പകരൂ, വളയിട്ട കിനാക്കൾ തൻ... തുടങ്ങി ഭാവ ഗായകന്റെ 'ഒരു പുഷ്പം മാത്രമെൻ....' വരെ മൂളി വിനീത് സദസിനെ ഇളക്കിമറിച്ചു.
സദസിലെ ആരാധിക ശ്യാമിലിയുടെ അഭ്യർത്ഥന പ്രകാരം പിന്നെയൊരു രജനിപ്പാട്ട്... ബാഷയിലെ 'നീ നടന്നാൽ നടയഴക്, നീ സിരിച്ചാൽ സിരിപ്പഴക്...' പിന്നീട് ഉണ്ണികളെ ഒരു കഥ പറയാം, കരളേ കരളിന്റെ കരളേ തുടങ്ങിയ ഗാനങ്ങൾ വേദിയെ ത്രസിപ്പിച്ചു. പിന്നീട് ശിഷ്യരാണ് കളം വാണത്. നരേനിലെ സ്വന്തം ഗാനവുമായി വിനീത് വീണ്ടുമെത്തി. 'അമ്പാടിക്കുയിലല്ലേ....' എന്ന ഗാനത്തിനൊപ്പം ആർപ്പുവിളികളുമായാണ് ആസ്വാദകർ ഒപ്പം കൂടിയത്. എസ്.പി.ബി യുടെ പാട്ടും ക്ലാസ് മേറ്റ്‌സിലെ എന്റെ ഖൽബും ഫ്‌ളാഷ് ലൈറ്റുകൾ തെളിച്ചാണ് ആസ്വാദകർ വരവേറ്റത്. കരിനീലക്കണ്ണിലെന്തടീ, ആലുവാപ്പുഴയുടെ തീരത്ത്, ആ വാതിലിൽ, കിസി റോസ് തുംസേ, ഹുദാ സേ മന്നത് സേ മേരി തുടങ്ങിയ ഗാനങ്ങൾ ആലപിക്കുന്നതിനിടെ സ്റ്റേജിലെത്തിയ കുട്ടിക്കൂട്ടുകാർക്കൊപ്പം തെല്ലാടുകയും ചെയ്തു. പിന്നീട്, ഛോട്ടാ മുംബയിലെ തലപ്പാട്ടിന് ശേഷം കട്ട ഫ്യൂഷനും ഒപ്പം അനിയൻ ധ്യാനിന്റെ സിനിമയിലെ കുടുക്കു പൊട്ടിയ കുപ്പായവും എല്ലാം പാടിത്തകർത്താണ് ഒടുവിൽ വിനീതോത്സവം സമാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |