
ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ടോൾ നിരക്കുകൾ വർദ്ധിപ്പിച്ച് ദേശീയപാത അതോറിറ്റി. ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ പ്രധാന പാതകളിലെ ടോൾ നിരക്കുകളിലാണ് വലിയ രീതിയിലുള്ള മാറ്റം വരുന്നത്. മൂന്ന് മുതൽ അഞ്ച് ശതമാനം വരെയാണ് ടോൾ നിരക്കുകളിൽ വർദ്ധന പ്രഖ്യാപിച്ചിട്ടുള്ളത്.
ബംഗളൂരു - ചെന്നൈ എക്‌സ്‌പ്രസ് വേ (കർണാടകയിലെ ഹൊസക്കോട്ടെ - കെജിഎഫ് പാത), ദാബസ്‌പേട്ട് - ഹൊസക്കോട്ടെ സാറ്റ്‌ലൈറ്റ് ടൗൺ റിംഗ് റോഡ്, ബംഗളൂരു - മൈസൂരു എക്‌സ്‌പ്രസ് വേ, കവകപുര റോഡ്, കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡ് തുടങ്ങിയ പാതകളിലെല്ലാം പുതിയ നിരക്കുകൾ ബാധകമാണ്.
കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡിലെ സദഹള്ളി ടോൾ ഗേറ്റിൽ കാറുകൾക്ക് ഒരു വശത്തേക്കുള്ള യാത്രയ്‌ക്ക് 120 രൂപ എന്ന നിരക്കിൽ മാറ്റമില്ല. എന്നാൽ, പോയിവരാനുള്ള യാത്രയ്‌ക്ക് ഇനി 180 രൂപയ്‌ക്ക് പകരം 185 രൂപ നൽകണം. 50 യാത്രകൾക്കുള്ള പ്രതിമാസ പാസിന് 4,070 രൂപയാകും.
ചെറിയ ചരക്ക് വാഹനങ്ങൾക്കും മിനി ബസുകൾക്കും അഞ്ച് രൂപയാണ് വർദ്ധിച്ചത്. ഒരു വശത്തേക്ക് 185 രൂപയുണ്ടായിരുന്നത് 190 ആയും ഇരുവശത്തേക്കും 275 രൂപയുണ്ടായിരുന്നത് 280 രൂപയായും ഉയർന്നു. ഇവയുടെ മാസപാസ് നിരക്ക് 6,255 രൂപയാണ്. ട്രക്കുകൾക്കും ബസുകൾക്കും അഞ്ച് മുതൽ 15 രൂപവരെയാണ് വർദ്ധന. ഒരു വശത്തേക്ക് 375 രൂപയും ഇരുവശത്തേക്കും 565 രൂപയുമാണ് പുതിയ നിരക്ക്. പ്രതിമാസ പാസിന് 12,575 രൂപ നൽകണം.
നിരക്ക് വർദ്ധന ബംഗളൂരുവിലെ ബസ് സർവീസുകളെ കാര്യമായി ബാധിച്ചേക്കാം. എ സി ബസുകളിൽ യാത്ര ചെയ്യുന്നവർ കൂടുതൽ പണം നൽകേണ്ടിവന്നേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |