
തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത നേടാനാകാതെ ഇറ്റലി
സ്വെനിക്ക (ബോസ്‌നിയ): ലോകമെമ്പാടുമുള്ള ആരാധകരെ കണ്ണീരിലാഴ്‌ത്തി തുടചർച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാനാകാതെ ഇറ്റലി ഇടറി വീണു. യൂറോപ്യൻ ക്വാളിഫയേഴ്‌സ് ഫൈനലിൽ ബോസ്‌നിയ ആൻഡ് ഹെർസെഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ഇത്തവണ ഇറ്റലിയുടെ അസൂറികളുടെ ലോകകപ്പ് പ്രതീക്ഷകൾ അസ്തമിച്ച്.നിശ്ചിത സമയത്ത് ഇരുടീമും 1-1ന് സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്. ഷൂട്ടൗട്ടിൽ 4-1നായിരുന്നു ബോസ്‌നിയയുടെ ജയം. ഷൂട്ടൗട്ടിൽ ആദ്യ മൂന്ന് കിക്കുകളിൽ ഒന്ന് മാത്രമാണ് ഇറ്റലിക്ക് വലയിലാക്കാനായത്. ഇതോടെ ആദ്യ മൂന്ന് കിക്കും വലയിലാക്കിയ ബോസ്‌നിയ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചു. ഷൂട്ടൗട്ടിൽ ഇറ്റാലിയൻ താരങ്ങളിൽ സാൻഡ്രോ ടൊണോലിക്ക് മാത്രമാണ് ലക്ഷ്യം കാണാനായുള്ള. ആദ്യ കിക്കെടുത്ത പിയോ എസ്‌പോസിറ്റോയ്‌ക്കും മൂന്നാം കിക്കെടുത്ത ബ്രയാൻ ക്രിസ്റ്റൻന്റേയ്‌ക്കും പിഴച്ചു. ബോസ്‌നിയയുടെ നിർണായകമായ നാലാം കിക്കെടുത്ത ഇസ്‌മിർ ബജ്രാറ്ററേവിച്ച് പന്ത് വലയിലെത്തിച്ചതോടെ 12 വർഷത്തിന് ശേഷം അവർ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചത്.
കരുതലോടെ കളിച്ച ഇറ്റലി 15-ാം മിനിട്ടിൽ മോയിസ് കീനിലൂടെ ലീഡെടുത്തതാണ്. എന്നാൽ 41-ാം മിനിട്ടിൽ അലേസാൻഡ്രോ ബാസ്റ്റോണി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അവർക്ക് തിരിച്ചടിയായി. എന്നാലും 78-ാം മിനിട്ട് വരെ ലീഡ് നിലനിറുത്താനും അവർക്കായി. 79-ാം മിനിട്ടിൽ ഹാരിസ് തബകോവിച്ച് ബോസ്‌നിയയ്ക്ക് സമനില സമ്മാനിച്ചു. തുടർന്ന് നിശ്‌ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനില തുടർന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
യൂറോപ്യൻ മേഖലയിലെ ക്വാളിഫയർ ഫൈനലുകളിൽ നിന്ന് ചെച്ചിയ,തുർക്കി, സ്വീഡൻ എന്നീ ടീമുകളും ലോകകപ്പിന് യോഗ്യത സ്വന്തമാക്കി.
ചെക്കിയ (ചെക്ക് റിപ്പബ്ലിക്ക്) പെനാൽറ്റി ഷൂട്ടൗട്ടിൽ ഡെൻമാർക്കിനെ 3-1ന് കീഴടക്കിയാണ് ലോകകപ്പിനെത്തുന്നത്.
എക്‌സ്ട്രാ ടൈം അവസാനിക്കുമ്പോൾ ഇരുടീമും 2-2ന് സമനില പാലിക്കുകയായിരുന്നു. 20 വർഷത്തിന് ശേഷമാണ് ചെക്ക് ടീം ലോകകപ്പിന് യോഗ്യത നേടുന്നത്.
കൊസാവോയെ 1-0ത്തിന് കീഴടക്കി 24 വർഷത്തിന് ശേഷം തുർക്കിയും റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 3-2ന് കീഴടക്കി 8 വർഷത്തിന് ശേഷം സ്വീഡനും ലോകകപ്പിന് ബാഗ് പാക്ക് ചെയ്തു.
നാല് പതിറ്റാണ്ടിന് ശേഷം ഇറാഖ്
കളിക്കളത്തിലേയും പുറത്തേയും പ്രതിസന്ധികളെല്ലാം അതിജീവിച്ച് നാല്പത് വർഷത്തിന് ശേഷം ഇറാഖ് ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചു. മെക്സിക്കോ സിറ്റിയിൽ ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ 2-1ന് കീഴടക്കിയാണ് ഇറാഖ് ലോകകപ്പിനെത്തുന്നത്. 1986ൽ മെക്സിക്കോ വേദിയായ ലോകകപ്പിലാണ് ഇറാഖ് ഇതിന് മുൻപ് അവസാനമായി കളിച്ചത്. ഇത്തവണ യോഗ്യത ഉറപ്പിക്കുന്ന 48-ാമത്തെ ടീമാണ് ഇറാഖ്. ഇതോടെ ഇത്തവണ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ ചിത്രം വ്യക്തമായി.
പശ്‌ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്ലേഓഫ് മത്സരം മാറ്റിവയ്‌ക്കണമെന്ന് ഇറാഖ് പരിശീലകൻ ഗ്രാഹാം അർനോൾഡ് ആവശ്യപ്പെട്ടെങ്കിലും ഫിഫ തള്ളിയിരുന്നു. ഇറാഖിന്റെ വ്യോമ പാതകൾ അടച്ചതോടെ ടീമിന്റെ യാത്ര പ്രതിസന്ധിയിലുമായിരുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ടീമിന് മതിയായ രീതിയിൽ തയ്യാറെടുപ്പ് നടത്താനുമായിരുന്നില്ല. ചാർട്ടേഡ് വിമാനത്തിലാണ് മത്സരത്തിനായി ഇറാഖ് ടീം മെക്‌സിക്കോയിലെത്തിയത്.
മറ്റൊരു ഇന്റർ കോണ്ടിനെന്റൽ പ്ലേഓഫ് ഫൈനലിൽ ജമൈക്കയെ 1-0ത്തിന് കീഴടക്കി കോംഗോയും ലോകകപ്പിനായുള്ല പോരാട്ടത്തിന് സ്ഥാനമുറപ്പിച്ചു.
അസൂറി അസ്‌തമയം
തുടർച്ചയായി മൂന്ന് ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ പോകുന്ന ആദ്യ മുൻ ചാമ്പ്യന്മാരാണ് ഇറ്റലി.
2014-ലാണ് ഇറ്റലി അവസാനമായി ലോകകപ്പിൽ കളിച്ചത്. ഇതിന് മുൻപ് 2018ലും 2022ലും അവർക്ക് യോഗ്യത നേടാനായിരുന്നില്ല.
4- തവണ ലോകകകപ്പ് നേടിയിട്ടുള്ള ടീമാണ് ഇറ്റലി. (1934,1938,1982,2006).2006ൽ -ലോകചാമ്പ്യൻമാരായ ശേഷം ഇറ്റലിക്ക് ലോകകപ്പുകളിൽ പഴയ പ്രതാപത്തിലേക്ക് എത്താനായില്ല. 2010ലും 14ലും അവർ ആദ്യ റൗണ്ടിൽ പുറത്തായി. പിന്നീട് യോഗ്യത നേടാനുമായില്ല.
നോട്ട് ദ പോയിന്റ്
ചെക്കിയ ഗ്രൂപ്പ് എയിൽ
ബോസ്‌നിയ - ഗ്രൂപ്പ്ബിയിൽ
തുർക്കി -ഗ്രൂപ്പ് ഡിയിൽ
സ്വീഡൻ- ഗ്രൂപ്പ് എഫിൽ
ഇറാൻ-ഗ്രൂപ്പ് ഐയിൽ
കോംഗോ -ഗ്രൂപ്പ് കെയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |