
കൊച്ചി: കേരള ഹോക്കി ഭരണസമിതിയിലേക്ക് 2022 മേയ് 15 ന് നടന്ന തിരഞ്ഞെടുപ്പ് അംഗീകരിച്ച കേരള സ്പോർട്സ് കൗൺസിൽ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ഹോക്കി കളിക്കാരുടെ താല്പര്യം സംരക്ഷിക്കാൻ സ്പോർട്സ് കൗൺസിലിൽ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ സ്പോർട്സ് കൗൺസിലിന് അധികാരമുണ്ടെന്നും ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി.കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേരള ഹോക്കി സെക്രട്ടറിയടക്കം നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ഉത്തരവ്. കേരള ഹോക്കി ഭരണസമിതി നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിക്കുന്ന ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. കേരള സ്പോർട്സ് നിയമപ്രകാരം 'കേരള ഹോക്കി' അല്ലെങ്കിൽ മറ്റൊരു ഹോക്കി അസോസിയേഷനെ അംഗീകരിക്കുന്നതുവരെ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിക്കാനായിരുന്നു സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്. ഭരണ സമിതി തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ചോദ്യം ചെയ്യാൻ കേരള ഹോക്കി ഭാരവാഹികൾക്കടക്കം നിയമ പ്രകാരം അവസരം ലഭിക്കുന്നതാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |