
വൈപ്പിൻ: തകർന്നറോഡ് പുനർനിർമ്മാണം നടത്തുകയോ അറ്റകുറ്റപ്പണികൾ തീർക്കുകയോ ചെയ്യാതെ എടവനക്കാട് പഞ്ചായത്ത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. പടിഞ്ഞാറെ വാച്ചാക്കൽ റോഡിൽ പതിനാറാം വാർഡിൽ ഉൾപ്പെടുന്ന നന്ത്യാട്ടുമുതൽ കണ്ണ്പിള്ളകെട്ട് വടക്കേപ്പാലം വരെയുള്ള 400 മീറ്റർ റോഡാണ് യാത്രക്കാർക്ക് വെല്ലുവിളിയാകുന്നത്. ഇതിൽ നന്ത്യാട്ട് മുതൽ ശ്രീവിഹാർ അങ്കണവാടി വരെയുള്ള ഭാഗത്തെ അവസ്ഥ അതിദയനീയമാണ്. ഇവിടെ 200മീറ്റർ ഭാഗത്ത് പലയിടങ്ങളിലായി ടാറും മെറ്റലും ഇളകി വലിയകുഴികൾ രൂപപ്പെട്ടിരിക്കുന്നു.
നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതിയിൽ റോഡ് നന്നാക്കൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഈ പണി നടക്കണമെങ്കിൽ അടുത്ത മാർച്ചുവരെ കാത്തിരിക്കേണ്ടി വരും. വരാനിരിക്കുന്ന മഴക്കാലം വഴിയാത്രക്കാർക്കും പ്രത്യേകിച്ച് വിദ്യാർത്ഥി കൾക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഏറെ ദുരിതമാകും. അപകടങ്ങൾക്കും കാരണമാകും. ഈ സാഹചര്യത്തിൽ മഴക്കാലത്തിനു മുമ്പ് അറ്റകുറ്റപ്പണികൾ നടത്താൻ പഞ്ചായത്ത് തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |